ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിന് കൊടിയേറി
1375082
Friday, December 1, 2023 11:51 PM IST
പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. എട്ടിനാണ് പ്രധാന തിരുനാള്‍. കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പാലാ നഗരം ജൂബിലി തിരുനാളിനായി അണിഞ്ഞൊരുങ്ങി. നഗരവീഥികള്‍ കൊടി തോരണങ്ങളാല്‍ അലങ്കരിച്ചു.
പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ ആഭിമുഖ്യ ത്തിലാണ് പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇന്നലെ വൈകുന്നേരം ളാലം പള്ളിയില്‍നിന്നു തിരുനാള്‍ പതാക പ്രദക്ഷിണമായി കുരിശുപള്ളിയിലെത്തിച്ചു കൊടിയേറ്റ് നടത്തി. ഏഴ്, എട്ട് തീയതികളിലാണ് പ്രധാന തിരുനാള്‍. ഏഴിന് രാവിലെ 11 ന് അമലോത്ഭമാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും.
വൈകുന്നേരം അഞ്ചിന് ജൂബിലി പന്തലിലേക്ക ്പ്രദക്ഷിണം. എട്ടിന് രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി. പത്തിന് ബിഷപ്് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.45 ന് ജൂബിലി സാംസ്കാരിക ഘോഷ യാത്ര. 12.45 ന് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടുവിലര്‍ ഫാന്‍സി ഡ്രസ് മത്സരം. തുടര്‍ന്നു ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിന് തിരുനാള്‍ പ്രദക്ഷിണം. ഒന്‍പതിന് രാവിലെ 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
സാംസ്ക്കാരിക ഘോഷയാത്ര
ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്ക്കാരിക ഘോഷയാത്ര പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അമ്പതില്‍പ്പരം കലാരൂപങ്ങള്‍ അണിനിരക്കും.
ബൈബിള്‍ ടാബ്ളോ മത്സരം
ബൈബിള്‍ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി നടത്തുന്ന ടാബ്ലോ മത്സരം ജൂബിലിത്തിരുനാളിന്റെ അത്യാകര്ഷണങ്ങളില് ഒന്നാണ്. ഒന്നാം സമ്മാനമായി ബിഷപ് വയലില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും.
ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് ഉച്ചയ്ക്ക് 12.45ന് ടൂവിലര്‍ ഫാന്‍സിഡ്രസ് മത്സരം നടത്തും. യഥാക്രമം 20,000, 15,000, 10,000 എന്നീ ക്യാഷ് അവാര്‍ഡുകളും എ ഗ്രേഡ് ലഭിക്കുന്ന ടീമുകള്‍ക്ക് 2500 രൂപാ വീതവും പ്രോത്സാഹനസമ്മാനങ്ങളും. ഏഴ്, എട്ട് തീയതികളില്‍ ഏറ്റവും ഭംഗിയായി വൈദ്യുതി അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. എട്ടിന ് രാത്രി 8.30ന് കാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും.
ടൗണ്‍ ഹാളില്‍ നാടകമേള ആരംഭിച്ചു
പാലാ: ജൂബിലിത്തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനായി സിവൈഎംഎല്‍ പാലായുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ പ്രൊഫഷണല്‍ നാടകമേള ആരംഭിച്ചു. നാടകമേള ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോസ് കാക്കല്ലില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സിവൈഎംഎല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. യൂണൈറ്റഡ് ഇലക്ട്രിക്കല്‍സ് ചെയര്മാന് ബിനോയി വലിയമുറത്താങ്കല്, ജോജോ കുടക്കച്ചിറ, ആര്‍ട്സ് കണ്‍വീനര്‍ സതീഷ് കെ. മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മൂന്നിന് ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ പള്ളിയറവാസു, നാലിന് വള്ളുവനാട് നാഥം കമ്യൂണിക്കേഷന്‍സിന്റെ ഊഴം, അഞ്ചിനു തിരുവനന്തപുരം മലയാള നാടകവേദിയുടെ കണ്ണുകെട്ടിക്കളി, ആറിന് ചിറയിന്‍കീഴ് അനുഗ്രഹയുടെ നായകന് എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. രാത്രി 7.30 നാടകങ്ങള്‍ ആരംഭിക്കും.
വോളിബോള്‍ ടൂര്‍ണമെന്റ്
പാലാ: വര്‍ഷങ്ങളായി ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് പാലാ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ജൂബിലി വോളിബോള്‍ ടൂര്‍ണമെന്റെ് പാലാ മുനിസിപ്പല്‍ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യ്തു.
കോളജ് ടീമുകള്‍, മറ്റു സ്ഥാപനങ്ങളുടെ പേരിലുള്ള ടീമുകള്‍ മത്സരിക്കും. സ്റ്റേറ്റ്, നാഷണല്‍ താരങ്ങള്‍ വിവിധ ടീമുകളിലായി അണിനിരക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട്, ജനറല്‍ സെക്രട്ടറി വി.സി. പ്രിന്‍സ്, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, കണ്‍വീനര്‍ കുഞ്ഞുമോന് മണര്‍കാട്ട്, കുഞ്ഞുമോന് പാലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. മൂഴയില്‍ ജൂവലറിയുടെ അരപവന്‍ സ്വര്‍ണം ലഭിക്കുന്ന നറുക്കെടുപ്പും നടക്കും. വിജയികള്‍ക്ക് ആറിന് വൈകുന്നേരം മാണി സി. കാപ്പന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്യും.