ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും പനി ബാധിതർ വർധിക്കുന്നു
1375081
Friday, December 1, 2023 11:51 PM IST
ഈരാറ്റുപേട്ട: നഗരസഭയിലും മലയോര ഗ്രാമീണ മേഖലകളിലും പനിബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തും ഈരാറ്റുപേട്ട നഗരസഭയിലും ഉന്നത നിലവാരമില്ലാത്ത സർക്കാർ ആശുപത്രിയില്ലാത്തത് പനി ബാധിതരായ സാധാരണക്കാർക്ക് ദുരിതമാകുന്നു.
20 കിലോമീറ്ററോളം സഞ്ചരിച്ച് വേണം മലയോര പ്രദേശത്തെ ജനങ്ങൾക്ക് പാലാ ജനറൽ ആശുപത്രിയിലെത്താൻ കഴിയുക.
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് രണ്ടു വർഷം മുമ്പുള്ള കേരള ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ഇങ്ങനെ ഒരു ദുരിതം ഉണ്ടാകുമായിരിന്നില്ല.
വൈറൽ പനി കൂടാതെ ഡെങ്കിപ്പനി, എലിപ്പനി ബാധിച്ചവരും ചികിത്സയിലാണ്. പനി ബാധിക്കുന്ന ഭൂരിപക്ഷം പേർക്കും രക്തത്തിലെ പ്ലേറ്ലറ്റ് കൗണ്ട് കുറയുകയും കഠിനമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ഇടയ്ക്കിടെയുള്ള മഴയും പകർച്ച വ്യാധി പടരുന്നതിന് കാരണമാകുന്നു. ചികിത്സയിലുളള കൂടുതൽ പേരും വൈറൽ പനി ബാധിതരാണ്. പനി വിട്ടുമാറിയാലും ചുമയും ക്ഷീണവും കലശലാണ്.
പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കണം. പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂർണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കണം.
ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകാനുള്ള സാധ്യത കൂടുതലാണ്.
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. ആഴ്ച തോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം. ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത് വീടിനകത്തും പരിസരത്തുമാണ്.
വെള്ളം സംഭരിച്ച പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകൾ ടാർപോളിൻ, റബ്ബർപ്പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.