കേന്ദ്രപദ്ധതികള്‍ ജനങ്ങള്‍ അറിയാതെ പോയതു ഉത്തരവാദപ്പെട്ടവരുടെ അലംഭാവംമൂലം: സുരേഷ് ഗോപി
1375073
Friday, December 1, 2023 11:51 PM IST
മുത്തോലി: കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും കേരളത്തില്‍ ജനങ്ങള്‍ അറിയാതെ പോയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും കൊടിയ കൃത്യവിലോപമാണെന്ന് മുന്‍ എംപി സുരേഷ് ഗോപി. കേന്ദ്രപദ്ധതികളെക്കുറിച്ച് അറിവ് പകരാനും പങ്കുചേര്‍ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്താനും പൗരന്റെ ജീവിതനിലവാരം ഉയര്‍ത്താനുമാണ് പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. നൂറുകണക്കിന് പദ്ധതികളാണ് ഈ തരത്തില്‍ ആരംഭിച്ചത്. ഏതൊക്കെ സംസ്ഥാനത്ത് പദ്ധതികള്‍ കൂടുതലായി ഉപയോഗിച്ചു എന്നത്, അവര്‍ രാഷ്ട്രീയം മാറ്റിവച്ച് പദ്ധതികളുടെ ഗുണഫലങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. മറ്റ് സംസ്ഥാനങ്ങളിലെ അധഃസ്ഥിത വര്‍ഗത്തിന്റെ ജീവിതത്തിലേക്ക് ഈ പദ്ധതികള്‍ എങ്ങനെ കടന്നുചെന്നുവെന്ന് കണ്ടറിയുകതന്നെ വേണം.
ഈ പദ്ധതികള്‍ കേരളത്തില്‍ എത്രപേര്‍ക്ക് കിട്ടി എന്നു കണക്കെടുത്താല്‍ കേരളം തലകുനിക്കേണ്ടിവരും. ഉദ്യോഗസ്ഥരും സര്‍ക്കാരും അവയ്ക്ക് പ്രധാന്യം നല്‍കാതെ പോയപ്പോള്‍ ജനങ്ങള്‍ക്ക് അവയുടെ ഗുണഫലം ലഭിക്കാതെ പോയത് കൊടിയ ദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം അവാര്‍ഡ് പ്രഖ്യാപിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്‍കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുത്തോലി കവലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ അധ്യക്ഷത വഹിച്ചു.
യാത്രയുടെ രണ്ടാം ദിവസമായ ഇന്നു രാവിലെ 10.30നു വാഴപ്പള്ളി പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് 2.30നു പായിപ്പാട് പഞ്ചായത്തിലും എത്തിച്ചേരും. യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതലായ സ്കീമുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്യാമ്പില്‍ അംഗീകാരം നല്‍കും. കാര്‍ഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര 71 പഞ്ചായത്തുകളില്‍ സഞ്ചരിച്ച് ജനുവരി 16 ന് പള്ളിക്കത്തോട് പഞ്ചായത്തില്‍ സമാപിക്കും.