അപകടപരന്പര: മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സേഫ് സോൺ
1375012
Friday, December 1, 2023 10:26 PM IST
എരുമേലി: ശബരിമല സീസൺ ആയതോടെ റോഡിലിറങ്ങാൻ ഭീതിയാണ് നാട്ടുകാർക്ക്. ഇത്തവണയും മുൻകാല സീസണിൽ ചെയ്തത് പോലെ വിവിധ ഭാഷകളിൽ അപകട സൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ വിഭാഗം.
എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ച് പായുകയാണ് വാഹനങ്ങൾ. അമിത വേഗത തടയാതെ എത്ര മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എണ്ണിയാൽ തീരില്ല മരണങ്ങൾ
പ്രഭാത നടത്തത്തിനിടെ തീർഥാടകരുടെ ബസിന്റെ വാതിൽ തട്ടി കുറുവാമുഴിയിൽ യുവാവ് തൽക്ഷണം മരിച്ചത് കഴിഞ്ഞ ദിവസമാണ്. മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശിയും റവന്യു വകുപ്പിൽ ജീവനക്കാരനുമായിരുന്ന തമ്പിയുടെ മരണം ആർക്കും മറക്കാനാവില്ല.
സ്വന്തം വീട്ടിലേക്ക് തീർഥാടക വാഹനം ഇടിച്ചിറങ്ങിയപ്പോൾ ഭാഗ്യത്തിന് രക്ഷപെട്ട തമ്പി പിന്നീട് ബൈക്കിൽ മുക്കൂട്ടുതറ റോഡിലൂടെ വരുമ്പോൾ പിന്നിലൂടെ വന്ന തീർഥാടക വാഹനം ഇടിച്ചു മരണപ്പെടുകയായിരുന്നു.
പാണപ്പിലാവ് ചീനിമരം ഭാഗത്ത് സ്റ്റോപ്പിൽ ബസിറങ്ങി റോഡ് കുറുകെ കടക്കവെ വാഹനം ഇടിച്ച് വീട്ടമ്മ ദാരുണമായി മരണപ്പെട്ടത് ഏതാനും വർഷം മുമ്പുള്ള ശബരിമല സീസണിലായിരുന്നു. മുക്കൂട്ടുതറ 35 ൽ കൂലിപ്പണിക്കാരനായ യുവാവ് തീർഥാടക വാഹനം ഇടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അനാഥമായത് നിർധനരായ കുടുംബമാണ്. എരുമേലി - മുണ്ടക്കയം റോഡിൽ മഞ്ഞളരുവി ഭാഗത്ത് തീർഥാടക വാഹനം ഇടിച്ച് വയോധിക മരണപ്പെട്ടതും ഉൾപ്പടെ കഴിഞ്ഞ ശബരിമല സീസണുകളിലെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. നാട്ടുകാർ മാത്രമല്ല അപകടങ്ങളിൽ മരണപ്പെട്ട തീർഥാടകരുടെ എണ്ണവും നിരവധിയാണ്.
കണമല ഇറക്കത്തിൽ മാത്രം സംഭവിച്ച അപകട മരണങ്ങളുടെ കണക്കെടുത്താൽ എണ്ണം നൂറ് കവിയും. മുണ്ടക്കയം റോഡിലെ കണ്ണിമല ഇറക്കവും കണമലയിലെ അപകടങ്ങൾ പോലെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
വെറുതെ ചർച്ച മാത്രം
ഓരോ അപകടവും കഴിയുമ്പോൾ ജാഗ്രതയും സുരക്ഷാ ക്രമീകരണങ്ങളും ചർച്ചയാകുന്നത് അല്ലാതെ ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല. ഓരോ ശബരിമല സീസണിന് മുമ്പും സ്ഥിരം പല്ലവി പോലെ സുരക്ഷാ നടപടികൾ പ്രഖ്യാപിക്കും. പക്ഷെ, സീസണിൽ അപകടങ്ങൾ കുറയാൻ സ്ഥിരമായ സുരക്ഷാ നടപടികൾ നടപ്പിലാക്കപ്പെടുന്നില്ല.
ബോർഡിൽ മാത്രമല്ല മുന്നറിയിപ്പ്
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത് കൊണ്ട് മത്രം അപകടങ്ങൾ ഒഴിയില്ല. റോഡിൽ അപകട സാധ്യതയുള്ള സ്ഥലങ്ങൾക്ക് മുമ്് വാഹനങ്ങളുടെ വേഗത പരിശോധിച്ച് കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണം. ഇത് ദിവസവും തുടർന്നാൽ അപകടങ്ങളുടെ തോത് കുറയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ബോർഡുകൾ സ്ഥാപിച്ചു
മോട്ടോർ വാഹന വകുപ്പിന്റെ എരുമേലി സേഫ്സോൺ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ അപകടസൂചന ബോർഡുകൾ സ്ഥാപിച്ചു.
എരുമേലി - കണമല റൂട്ടിലും, മുണ്ടക്കയം - കണ്ണിമല റൂട്ടിലുമാണ് ബോർഡുകൾ സ്ഥാപിച്ചത്. ഹിന്ദി, ഇംഗ്ലീഷ് , മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ബോർഡുകൾ. സേഫ്സോൺ കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരീം, ഉദ്യോഗസ്ഥരായ പി.ജി. സുധീഷ്, സുരേഷ് കുമാർ, മുജീബ് റഹ്മാൻ, ടിനേഷ് മോൻ, റെജി എ. സലാം, ബൈജു ജേക്കബ്, ഷംനാസ്, ഫൈസൽ, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.