നവകേരള സദസിന് ജില്ല ഒരുക്കത്തില്‍
1374939
Friday, December 1, 2023 6:53 AM IST
കോട്ടയം: നവകേരള സദസിനായി ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി. 12ന് രാവിലെ പീരുമേട്ടില്‍ മന്ത്രിസഭാ യോഗത്തിനും നവകേരള സദസിനും ശേഷം മുണ്ടക്കയത്താണ് യാത്ര ജില്ലയില്‍ പ്രവേശിക്കുന്നത്. മുണ്ടക്കയം സെന്റ് മേരീസ് പള്ളി ഗ്രൗണ്ടില്‍ മൂന്നിന് പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസ് നടക്കും. നാലിന് പൊന്‍കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വൈകുന്നേരം അഞ്ചിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമാണ് സദസ്.
13നു രാവിലെ ഒന്‍പതിന് കോട്ടയം ജറുസലേം മാര്‍ത്തോമാ ഹാളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാത യോഗത്തില്‍ കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ 200ലധികം പേര് പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. 13നു രാവിലെ ഏറ്റുമാനൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് രണ്ടാം ദിനത്തെ സദസ്. മൂന്നിന് പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നാലിന് ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടിലും ആറിന് തിരുനക്കരയിലുമാണ് സദസ്.
14നു രാവിലെ കുറവിലങ്ങാട് പള്ളി പാരീഷ് ഹാളിലെ യോഗത്തില്‍ പാലാ, വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിലെ പൗരപ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും മൂന്നിന് വൈക്കം ആശ്രമം സ്കൂള്‍ ഗ്രൗണ്ടിലും യോഗം. വൈക്കത്തെ സദസിനു ശേഷം വൈക്കം ജെട്ടിയില്‍നിന്നും ജങ്കാറില്‍ തവണക്കടവ് വഴി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെത്തും.
5,000 പേര് വീതം
നവകേരള സദസില്‍ 5000 പേരെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശം. സദസ് തുടങ്ങുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പ് വേദികളില്‍ പരാതി കൗണ്ടര്‍ പ്രവര്‍ത്തിക്കും. സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ എല്‍ഡിഎഫ് ആളെ എത്തിക്കും. മുന്നോടിയായി വിളംബരജാഥയും സെമിനാറുകളും നടക്കും.
താമസം കെങ്കേമം
നവകേരള സദസ് കോട്ടയം ജില്ലയിലെത്തുന്ന മൂന്നു ദിവസങ്ങളില്‍ 12, 13 തീയതികളില്‍ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും.
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അര്‍ക്കാഡിയ, ഐഡ ഹോട്ടലുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം ഗസ്റ്റ് ഹൗസിലുണ്ടാകും.
അവ്യക്തത, വിവാദം
കോട്ടയത്തെ സദസ് തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിച്ച സ്ഥലത്താണ് തീരുമാനിച്ചതെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. കരുതലായി നാഗമ്പടം മൈതാനം വെട്ടിത്തെളിച്ചു വൃത്തിയാക്കി.
മരശിഖരങ്ങലും മുറിച്ചുനീക്കി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അവിടം സന്ദര്‍ശിക്കുകയും ചെയ്തു. പോലീസ് പരേഡ് ഗ്രൗണ്ടും പരിഗണയിലാണ്. പൊന്‍കുന്നം ഗവ. എച്ച്എസ്എസിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും പ്രത്യേക കവാടം നിര്‍മിക്കുകയും ചെയ്തത് വിവാദമായി. പാലായില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് വേദി. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് കുത്തിപൊളിക്കുന്നതിലും പ്രതിഷേധമുണ്ട്.