മീനിന് വിലയില്ല, തീറ്റ വില മുകളിലേക്ക്; മത്സ്യകർഷകർ കടക്കെണിയിൽ
1374937
Friday, December 1, 2023 6:53 AM IST
കോട്ടയം: വൻ ലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിറക്കിയവർ പ്രതിസന്ധിയിൽ. വളർത്തുമീനിന്റെ വില ഇടിഞ്ഞതും തീറ്റയുടെ വില കുത്തനെ വർധിച്ചതുമാണ് മത്സ്യകൃഷിയിൽ തിരിച്ചടിയായത്.
കിലോയ്ക്ക് 280 രൂപ വിലയുണ്ടായിരുന്ന തിലോപ്പിയയ്ക്ക് ഇപ്പോൾ വിപണിവില 100 രൂപയിൽ താഴെയാണ്. എന്നാൽ മത്സ്യത്തീറ്റയുടെ വില ദിവസംതോറും വർധിക്കുകയാണ്. 10 വർഷം മുൻപ് 22 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റ 65 രൂപയ്ക്കു മുകളിലായി. പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. വരാലിന് നൽകുന്ന സ്റ്റാർട്ടറിന് 160 രൂപയ്ക്കു മുകളിലാണ്. ഒരു മത്സ്യക്കുഞ്ഞ് പൂർണ വളർച്ച എത്തുന്പോഴേക്കും കർഷകന് 150 രൂപയിൽ കൂടുതലാണ് ചെലവ് വരുന്നത്.
കർഷകന് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. മത്സ്യകൃഷി വ്യാപകമായതോടെയാണ് വില കാര്യമായി ഇടിഞ്ഞത്. കോവിഡിനു ശേഷം മുപ്പതിനായിരം ടൺ മത്സ്യ ഉദ്പാദനമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പതിനഞ്ച് ടണ്ണിലേക്ക് എത്തിയപ്പോൾ തന്നെ വില ഇടിഞ്ഞുതുടങ്ങിയതായി ഓൾ ഫിഷ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈക്കം ബ്രഹ്മമംഗലം സ്വദേശി റജി പൂത്തറ പറയുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്ന് വളർത്തുമീൻ എത്തിത്തുടങ്ങിയതും വില ഇടിയാൻ ഇടയാക്കി. ആന്ധ്ര, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വ്യാപകമായി വളർത്തുമത്സ്യം എത്തുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 100 രൂപയിൽ താഴെയാണ് വില. ഇതോടെ നാട്ടിലെ മത്സ്യത്തിന് ആവശ്യക്കാരില്ലാതെയായി. മത്സ്യകൃഷി ആരംഭിക്കാൻ കർഷകന് 40 ശതമാനം സബ്സിഡി നൽകുമെങ്കിലും പിന്നീട് സർക്കാർ പിന്തുണയുണ്ടാവാറില്ലെന്ന് എട്ട് ഏക്കറിൽ 28 ലക്ഷം രൂപ മുടക്കി കൃഷി നടത്തിയ കോട്ടയം സ്വദേശി ഗീവർഗീസ് പറയുന്നു.