ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
1374936
Friday, December 1, 2023 6:53 AM IST
ചങ്ങനാശേരി: മാടപ്പള്ളി പൊന്‍പുഴയില്‍ ഭര്‍ത്താവ് രണ്ടാം ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൊന്‍പുഴ അറയ്ക്കല്‍ സിജി(33)യാണ് കൊല്ലപ്പെട്ടത്. സിജിയുടെ ഭര്‍ത്താവ് അറയ്ക്കല്‍ സനീഷ് ജോസഫ്(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ഇവരുടെ വീടിനു സമീപത്തുള്ള ഇടവഴില്‍ ബഹളം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സിജിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതുപ്രകാരം തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മൃതദേഹം സംഭവസ്ഥലത്തുനിന്നു നീക്കി.
ആദ്യഭാര്യ നേരത്തെ സനീഷുമായുള്ള ബന്ധം ഉപേക്ഷിച്ചുപോയിരുന്നു. തുടര്‍ന്നാണ് സനീഷ് മാമ്മൂട് മാന്നില സ്വദേശിയായ സിജിയെ വിവാഹം ചെയ്തത്. ഇരുവരും ശാന്തീപുരത്ത് വാടക വീട്ടില്‍ താമസിച്ചു വരുന്നതിനിടെ വഴക്കുണ്ടാകുകയും സിജിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിൽ സനീഷ് ജയിലിൽ ആകുകയും ചെയ്തിരുന്നതായും പിന്നീട് ഇരുവരും പിണങ്ങി കഴിയുകയുമായിരുന്നതായി പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ വാടകയ്ക്കു താമസിക്കുന്ന മോസ്കോയ്ക്കടുത്ത് പൊന്പുഴയിലുള്ള വാടകവീട്ടിലാണ് കുറച്ചുനാളായി സനീഷ് താമസിക്കുന്നത്.
ഇന്നലെ ഈ വീട്ടിലേക്കു വരുന്നതിനിടെ ആള്‍ത്താമസം കുറഞ്ഞ ഇടവഴിയില്‍വച്ച് സനീഷും സിജിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സിജിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട സനീഷിനെ പോലീസ് പിന്നീട് തെങ്ങണയിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട സിജി ചങ്ങനാശേരിയിലെ ഒരു തുണിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് നാല് വയസുള്ള ഒരു പെൺകുട്ടിയുണ്ട്.