ശബരി എയര്‍പോര്‍ട്ട് : എസ്റ്റേറ്റിനു പുറത്ത് 190 ഏക്കര്‍ മതിയാകും
1374934
Friday, December 1, 2023 6:53 AM IST
കോട്ടയം: എരുമേലിയില്‍ ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്വകാര്യവ്യക്തികളില്‍നിന്ന് 190 ഏക്കര്‍ സ്ഥലമേ ഏറ്റെടുക്കേണ്ടിവരികയുള്ളൂ. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ മാര്‍ക്കിംഗും അലൈന്മെന്റും എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി നടന്നുവരികയാണ്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള 2,240 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെയാണ് റണ്‍വേയുടെ പ്ലാന്‍ അനുസരിച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലവും ഏറ്റെടുക്കുന്നത്. സ്വകാര്യവ്യക്തികളില്‍നിന്ന് 300 ഏക്കര്‍ വേണ്ടിവരുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ കൃത്യമായ പരിശോധനയില്‍ ഇത്രയും സ്ഥലം വേണ്ടിവരില്ലെന്ന് കണ്ടെത്തി. ചെറുവള്ളി എസ്റ്റേറ്റ് അപ്പാടെ ഏറ്റെടുക്കാനും സ്വകാര്യസ്ഥലം ഏറ്റവും പരിമിതപ്പെടുത്താനുമാണ് തീരുമാനം. മണിമല പഞ്ചായത്തിലെ ചാരുവേലിയില്നിന്ന് എരുമേലി പഞ്ചായത്തിലെ ഓരുങ്കല്‍ കടവ് ഭാഗത്തേക്ക് 3.7 കിലോമീറ്റര്‍ ദൂരത്തില്‍ കിഴക്കുപടിഞ്ഞാറ് ദിശയില്‍ എട്ട് ഡിഗ്രി ചെരിഞ്ഞാണ് റണ്‍വേ ഉദേശിക്കുന്നത്. സ്ഥലത്തിന്റെ അതിര് നിശ്ചയിച്ച് കല്ലിടുന്നതു സംബന്ധിച്ച ജോലികള്‍ പൂര്‍ത്തിയാകാന്‍ ഒരുമാസം വേണ്ടിവരും. ഇതിനുശേഷം വിമാനത്താവളം നിര്‍മാണം, സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പ്രഖ്യാപിക്കും.
സര്‍ക്കാര്‍തലത്തില്‍ സ്ഥലം അളന്ന് നഷ്ടപരിഹാര പാക്കേജിലേക്കും പുനരധിവാസ നടപടികളിക്കും കടക്കും. ഇതിനുശേഷം വസ്തു ഏറ്റെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് തുടക്കം കുറിക്കും.