ചുങ്കം-അണ്ണാൻകുന്ന്-പനയക്കഴുപ്പ് റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായി
1374930
Friday, December 1, 2023 6:53 AM IST
കോട്ടയം: ചുങ്കം-അണ്ണാൻകുന്ന്-പനയക്കഴുപ്പ് റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായി. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഏതാണ്ട് പൂർണമായും തകർന്നനിലയാണ്. പലയിടത്തും ടാറിംഗ് പൊളിഞ്ഞ് വലിയകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ടാറിംഗ് പൂർണമായും പൊളിഞ്ഞ് മൺറോഡുപോലെയായിരിക്കുകയാണ്.
നഗരത്തിനുള്ളിലെ സമാന്തര പോക്കറ്റ് റിംഗ് റോഡായതിനാൽ പ്രധാന വഴികളിൽ ഗതാഗതക്കുരുക്കുണ്ടാകുന്പോൾ വാഹനങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്.
മഴ പെയ്യുന്നതോടെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കും. കുഴിയുടെ ആഴമറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. അധികൃതരുടെ അടുക്കൽ നാട്ടുകാരും റെസിഡൻസ് അസോസിയേഷനും പല തവണ നിവേദനം നൽകിയിട്ടും ഒരു നടപടിയുമായിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റോഡിനോട് കടുത്ത അവഗണന കാട്ടുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.