പാട്ട സ്ഥലത്ത് കൃഷി ചെയ്ത ഏത്തവാഴ വെട്ടിനശിപ്പിച്ചു
1374928
Friday, December 1, 2023 6:53 AM IST
കൂരോപ്പട: പാട്ടത്തിനു സ്ഥലമെടുത്ത് കൃഷി ചെയ്ത ഏത്തവാഴ വെട്ടിനശിപ്പിച്ചു. ളാക്കാട്ടൂര്‍ ഇടയ്ക്കാട്ട് വി.കെ. ബാബു കൃഷി ചെയ്ത അറുപതിൽപ്പരം ഏത്തവാഴകളാണ് വെട്ടിനശിപ്പിച്ചത്. കൂരോപ്പട പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം ഒരു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലം ബാബു പ്രതിവര്‍ഷം 10,000 രൂപയ്ക്ക് മൂന്നുവര്‍ഷത്തേക്കാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. 350 ഏത്തവാഴയും മറ്റ് ഇടകൃഷികളും സ്ഥലത്ത് ചെയ്തിരുന്നു.
വിളഞ്ഞ 100 ഏത്തക്കുലകള്‍ വെട്ടിവിറ്റിരുന്നു. ശേഷിക്കുന്നവ വെട്ടിവില്‍ക്കാന്‍ പാകമായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണു ഏത്തവാഴകൾ വെട്ടിക്കളയാന്‍ തുടങ്ങിയത്. വാഴകളിലേക്ക് മൂർച്ചയേറിയ ആയുധം കുത്തിയിറക്കി പിണ്ടി പകുതിയിലധികം മുറിച്ചു നിറുത്തിയിരിക്കുകയാണ്.
രാത്രി 7.30വരെ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ആളുകളുണ്ട്. ഇതിനുശേഷമാണു സാമൂഹ്യവിരുദ്ധര്‍ വാഴ വെട്ടിക്കളയുന്നതെന്നു പറയുന്നു. കാടുപിടിച്ചു കിടക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം രാത്രി സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുക്കുകയാണെന്നു പറയുന്നു. വാഴത്തോട്ടം കൂരോപ്പട കൃഷി ഓഫീസർ സുജിത പി.എസ്., കർഷക ഓപ്പൺ മാർക്കറ്റ് മുൻ പ്രസിഡന്റ് ടോമി മേക്കാട്ട്, കർമസേന സെക്രട്ടറി ജോയി നാഞ്ഞിലത്ത് തുടങ്ങിയവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. വാഴ നശിപ്പിച്ചതിനെതിരേ ബാബു പാമ്പാടി പോലീസില്‍ പരാതി നല്കി.