മാലിന്യം തള്ളിയവരെ പിടികൂടി
1374927
Friday, December 1, 2023 6:53 AM IST
തിരുവാർപ്പ്: പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രി മാലിന്യം തള്ളിയവരെ പഞ്ചായത്തധികൃതർ പിടികൂടി . തിരുവാർപ്പ് - ചെങ്ങളം റോഡിലും തോട്ടിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം തള്ളിയവരെ കണ്ടെത്തിയാണ് പഞ്ചായത്ത് പിഴ ഈടാക്കിയത്.
കോട്ടയം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച മാലിന്യങ്ങളാണ് ഇന്നലെ രാത്രി തിരുവാർപ്പിൽ ഉപേക്ഷിച്ചത്. പഞ്ചായത്ത് സെക്രട്ടറി മനുവിന്റെ നേതൃത്വത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ മാലിന്യം തള്ളിയവരുടെ വിവരങ്ങൾ തിരിച്ചറിഞ്ഞു.
ഇവരെ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുവരുത്തി മാലിന്യങ്ങൾ തിരികെയെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരെ കണ്ടെത്തി കർശനനടപടി എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അറിയിച്ചു.