രുചിക്കൂട്ടൊരുക്കി സിഎംഎസ് കോളജ് വിദ്യാർഥികൾ
1374925
Friday, December 1, 2023 6:53 AM IST
കോട്ടയം: കപ്പയ്ക്കിങ്ങനെയൊരു മാരകവേർഷനുണ്ടെന്ന് ആരും കരുതിയിരുന്നില്ല. സിഎംഎസ് കോളജിലെ ഫുഡ്സയൻസ് വിദ്യാർഥികളുടെ തലച്ചോറിലൂടെ കയറിയിറങ്ങും വരെ. കപ്പ പുഴുങ്ങിയും വേവിച്ചും മാത്രം കഴിച്ചവർ ഇന്നലെ കോളജിലെ ഫുഡ്ഫെസ്റ്റിൽ പായസം, ലഡു, പുഡിംഗ് തുടങ്ങി കപ്പയുടെ പലവേർഷനാണ് രുചിച്ചത്. ഉണ്ണിയപ്പം, കുന്പിളപ്പം, കട്ലറ്റ്, ഷേക്ക്, മിക്സ്ചർ, പക്കാവട, കാരസേവ, മധുരസേവ തുടങ്ങി 17തരം വിഭവങ്ങൾ. അതും രുചിയൊട്ടും ചോരാതെ.
കോളജിനു സമീപം പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്തെടുത്ത കപ്പയിലാണ് ഫുഡ് സയൻസുകാർ പരീക്ഷണം നടത്തിയത്. നാഷണൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് കപ്പ കൃഷിക്കിറങ്ങിയത്. നാടൻ ഇനത്തിൽപ്പെട്ട 1600 മൂട് കപ്പയാണ് നട്ടത്. ജൈവവളമാണ് ഉപയോഗിച്ചത്.
പത്തുമാസത്തിനു ശേഷം നാലായിരം കിലോ കപ്പ ലഭിച്ചു. കപ്പയിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഫുഡ് സയൻസ് വിഭാഗം തയാറായി വന്നതോടെയാണ് പുത്തൻപരീക്ഷണത്തിന് വഴിതുറന്നത്. ഉഴവൂരിലെ ഫാക്ടറിയിൽ രണ്ടായിരം കിലോ കപ്പ നൽകി പൊടിപ്പിച്ച് തിരികെ വാങ്ങി. ഈ കപ്പപ്പൊടി ഉപയോഗിച്ച് ബിരുദാനന്തര വിദ്യാർഥികളുടെ നേതൃത്വത്തിൽ നാട് ഇതുവരെ രുചിക്കാത്ത കപ്പവിഭവങ്ങൾ ഉണ്ടാക്കിയെടുത്തു. രുചിച്ചവർക്കെല്ലാം ഒരേഅഭിപ്രായം, പരീക്ഷണം സക്സസ്. പുതിയ വിഭവങ്ങളുടെ രുചിക്കൂട്ട് ആരുമായും പങ്കുവയ്ക്കാൻ തയാറാണെന്ന് ഫുഡ്സയൻസിലെ അധ്യാപിക കവിത പറയുന്നു.