സ്കൂള്‍തലം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍; വിദ്യാഭ്യാസ കോണ്‍ക്ലേവിൽ ചർച്ച
1374924
Friday, December 1, 2023 6:53 AM IST
ഏറ്റുമാനൂര്‍: അങ്കണവാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെയുമുള്ള വിദ്യാഭ്യാസത്തിന്റെ കാലോചിതമായ പരിഷ്കാരങ്ങളും തൊഴിലിധിഷ്ഠിത പാഠ്യപദ്ധതിയിലേക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരീതി കൂടുതല്‍ മാറേണ്ടതിന്റെയും ആവശ്യകതയും ചര്‍ച്ച ചെയ്ത് നവകേരളസദസ് ഏറ്റുമാനൂര്‍ കോണ്‍ക്ലേവ്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവ കേരള സദസിന്റെ ഭാഗമായി മാന്നാനം കെ.ഇ. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഐടിസി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാജ്യത്ത് ഏറ്റവും മികവു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തു എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജയിംസ് കുര്യന് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് ചെയര്മാന് പ്രഫ. സാബു തോമസ്, എംജി സര്‍വകലാശാല ബയോസയന്‍സിലെ പ്രഫ.കെ. ജയചന്ദ്രന്, സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഡോ.പി.പി. നൗഷാദ്, പ്രഫ. മിനി തോമസ്, അമലഗിരി ബികെ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. മിനി തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഐസണ്‍ വഞ്ചിപ്പുരയ്ക്കല്‍, ഏറ്റുമാനൂര്‍ എഇഒ ശ്രീജ പി. ഗോപാല്‍, ഏറ്റുമാനൂരപ്പന് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ആര്. ഹേമന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.