അസിസ്റ്റന്റ് എന്‍ജിനിയറെ ഉപരോധിച്ചു നാട്ടുകാര്‍
1374916
Friday, December 1, 2023 6:53 AM IST
ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍പ്പെട്ട മാന്നിലക്കുന്നില് ജല്‍ജീവന്‍ പദ്ധതി നടപ്പാക്കാന്‍ വൈമനസ്യം കാട്ടുന്ന വാട്ടര്‍ അഥോറിറ്റി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് മാന്നില നിവാസികള്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ചെറുകരക്കുന്നിലെ ഓഫീസിലെത്തി അസിസ്റ്റന്റ് എന്‍ജിനിയറെ ഉപരോധിച്ചു.
പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകള്‍ പൂര്വസ്ഥിതിയിലാക്കാത്തതുമൂലം വിവിധ റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നതിരേയുമാണ് മാടപ്പള്ളി പഞ്ചായത്ത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉപരോധ സമരം നടത്തിയത്.
ഇഞ്ചക്കുഴി തകിടിയിലെ ടാങ്കില്‍നിന്നുള്ള വെള്ളം മാന്നിലക്കുന്നില് പമ്പ് ചെയ്ത് എത്തിക്കാനാവില്ലെന്ന കാരണം പറഞ്ഞാണ് കരാറുകാരനും ഉദ്യോഗസ്ഥരുംചേര്‍ന്ന് ജല്‍ജീവന്‍ പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്തംഗം ജിന്സണ് മാത്യു പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ സെലീനാമ്മ തോമസ്, കൊച്ചുമോള് സാജന്, സിനി വര്‍ഗീസ്, സമരസമിതി ഭാരവാഹികളായ ഷിബു പള്ളിക്കുന്നേല്‍, ഭാസുര ദേവി, സിംസണ്‍ വേഷ്ണാല്‍, പി.എച്ച്. അഷറഫ്, ജോസി ചക്കാല, ശ്യാം സാംസണ്, എം.എ. സജാദ്, റൗഫ് റഹീം, ബിബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.