ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം
1374912
Friday, December 1, 2023 6:53 AM IST
കോട്ടയം: ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കറുകച്ചാല്‍ ശാന്തിപുരത്ത് കൊച്ചിക്കാല ഭാഗത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന സുബിന് മോഹന്‍ (30) എതിരേയാണ് ജില്ലാ സെഷന്‍സ് കോടതി നാല് ജഡ്ജി എല്‍സമ്മ ജോസഫ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണം. 2019 ഓഗസ്റ്റ് 30ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഭാര്യ അശ്വതി മരിക്കുന്നത്.
അശ്വതിക്കു പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നു. അക്കാലത്ത് ഈ ബന്ധത്തിന്റെ പേരില്‍ സുബിന് പോക്സോ കേസില്‍ ഉള്‍പ്പെടുകയും ജാമ്യം കിട്ടാതെ ജയിലിലാകുകയും ചെയ്തു. പിന്നീട് കേസിന്റെ ഒത്തുതീര്‍പ്പ് പ്രകാരം ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചെങ്കിലും സുബിന് നിരന്തരം അശ്വതിയെ ആക്രമിച്ചിരുന്നു.
കറുകച്ചാല്‍ പോലീസാണ് രക്തത്തില്‍ കുളിച്ചുകിടന്ന അശ്വതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും പിറ്റേന്ന് അശ്വതി മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഗിരിജ ബിജു ഹാജരായി. ആകെ 34സാക്ഷികൾ കേസിലുണ്ടായിരുന്നു.
വിസ്താരത്തിനിടെ സുബിന്റെ മാതാപിതാക്കള്‍ കൂറുമാറി.