ദേശീയപാതയിൽ മരുതുംമൂടിനും മെഡിക്കൽട്രസ്റ്റ് ജംഗ്ഷനുമിടയിൽ സുരക്ഷാ സംവിധാനം വേണം
1374776
Thursday, November 30, 2023 10:53 PM IST
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയപാതയിൽ മരുതുംമൂടിനും മെഡിക്കൽട്രസ്റ്റ് ജംഗ്ഷനുമിടയിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
കൂടാതെ വാഗമൺ, പരുന്തുംപാറ, തേക്കടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. വഴി പരിചയമില്ലാത്ത വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. വീതി കുറഞ്ഞ ഈ ഭാഗത്ത് സുരക്ഷാ സംവിധാനത്തിനായി ക്രഷ് ബാര്യറോ സിഗ്നൽ ലൈറ്റുകളോ ഒന്നുമില്ല. റോഡിനു സമീപത്തെ എസ്റ്റേറ്റിലെ റബർ മരങ്ങൾ മുറിച്ചുമാറ്റിയതോടെ ഇവിടെ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. മുന്പ് ഈ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ടായിരുന്നു. എന്നാൽ റബർ മരങ്ങളിൽ തട്ടി വാഹനങ്ങൾ നിൽക്കുകയാണ് പതിവ്. ഇപ്പോൾ റബർ മരങ്ങൾ മുറിച്ചു മാറ്റിയതോടെ വാഹനം ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞാൽ താഴെ മെഡിക്കൽ ട്രസ്റ്റ് റോഡിൽ വരെയെത്തുന്ന അവസ്ഥയാണുള്ളത്.
മേഖലയിൽ അടിയന്തരമായി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
തീർഥാടനകാലത്ത് ഇവിടെ നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ട്. വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കാതെ മേഖലയിൽ സുരക്ഷാ സംവിധാനം ശക്തമാക്കാൻ ബന്ധപ്പെട്ട അധികാ രിക ൾ നടപടി സ്വീകരിക്കണ മെന്ന ആവശ്യം ശക്തമായി.