തടിലോറി മറിഞ്ഞുണ്ടായ അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ
1374775
Thursday, November 30, 2023 10:53 PM IST
കാഞ്ഞിരപ്പള്ളി: കാറിനു മുകളിലേക്കു തടി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മുണ്ടക്കയം പാലൂർക്കാവ് പുല്ലാട്ട് ബിജു വർഗീസിനെ(46)യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യപച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഇയാൾക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടോടെ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട കാറിലുണ്ടായിരുന്ന കൊടുവന്താനം ശാന്തിനഗർ കൊല്ലപുരയിടം നജീബ് (56) അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നു ഒരു മണിക്കൂറോളം പണിപ്പെട്ടാണ് നജീബിനെ പുറത്തെടുത്തത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തിയ നജീബ് ജീവൻ രക്ഷിക്കാനായി സഹായിച്ച നാട്ടുകാർക്കും ഫയർഫോഴ്സിനും പോലീസിനും നന്ദി പറഞ്ഞു.