പൂഞ്ഞാർ തെക്കേക്കര കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റ്
1374774
Thursday, November 30, 2023 10:53 PM IST
ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റ് ആരംഭിക്കുന്നു. കൃഷിഭവൻവഴി നടപ്പാക്കുന്ന വിവിധ സേവനങ്ങൾ, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സുതാര്യമാകുന്നതിനും ആവശ്യമായ തിരുത്തലുകൾ വരുത്തി കുറ്റമറ്റതാക്കുന്നതിനുമാണ് സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നത്.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടെയാണ് ഓഡിറ്റ് നടപ്പാക്കുന്നത് കൃഷിവകുപ്പിൽനിന്നു വിരമിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.എ. റഫീഖിന്റെ നേത്യത്വത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനു പുറത്തുനിന്നു കാർഷിക മേഖലയിൽ അറിവും അനുഭവവുമുള്ള എട്ടംഗ കമ്മിറ്റിയാണ് സോഷ്യൽ ഓഡിറ്റിനാവശ്യമായ വിവരശേഖരണം നടത്തി റിപ്പോർട്ട് തയാറാ ക്കുന്നത്.
നടപടിയുമായി ബന്ധപ്പെട്ട ആദ്യയോഗം പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ, എം.എ. റഫീഖ് എന്നിവർ പ്രസംഗിച്ചു.
ഇന്നും നാളെയും സോഷ്യൽ ഓഡിറ്റ് ടീം വാർഡുതല സിറ്റിംഗ് നടത്തും ഇന്ന് വാർഡ് 1, 2, 13, 14 എന്നിവിടങ്ങളിലെ സിറ്റിംഗ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ 12നും 9, 10, 11 വാർഡുകളിലെ സിറ്റിംഗ് പതാമ്പുഴ അങ്കണവാടിയിൽ പത്തിനും 7,8,12 വാർഡുകളിലെ സിറ്റിംഗ് കുന്നോന്നി സാംസ്ക്കാരിക നിലയത്തിൽ 11നും നടത്തും.
നാളെ 3,4, 6 വാർഡ് സിറ്റിംഗ് പെരിങ്ങുളം ഷോപ്പിംഗ് കോംപ്ലക്സിൽ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചാം വാർഡ് സിറ്റിംഗ് കൈപ്പള്ളി അങ്കണവാടിയിൽ ഉച്ചകഴിഞ്ഞു രണ്ടിനും നടത്തും.