അയല്‍സംസ്ഥാനങ്ങളിലെ ഉപരിപഠനത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു
1374722
Thursday, November 30, 2023 8:01 AM IST
കോട്ടയം: അയല്‍ സംസ്ഥാനങ്ങളിലെ ഉപരിപഠനത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി രക്ഷിതാക്കള്‍. അഡ്മിഷന് തട്ടിപ്പുകള്‍, നിയമ വിരുദ്ധമായ നഴ്സിംഗ് പഠനം, ഒരു കെട്ടിടത്തില്‍ ഒന്നില്‍ കൂടുതല്‍ നഴ്സിംഗ് പഠന സ്ഥാപനങ്ങള്‍, ക്ലിനിക്കല്‍ സംവിധാനങ്ങളുടെ കുറവ് എന്നതിനു പുറമേ പല സ്ഥാപനങ്ങളിലും പ്രിന്‍സിപ്പലും അധ്യാപകരും എവിടെയെന്നു പോലും അറിയില്ലാത്ത അവസ്ഥയാണ്.
ഏതുസമയവും അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിടാവുന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളുമെന്ന് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് പ്രഫഷണല്‍ സ്കോളേഴ്സ് ഇന്‍ ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉപരിപഠനത്തിന് അര്‍ഹത നേടുന്ന കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കേരളത്തില്‍ അവസരം ലഭിക്കാത്തതിനാലാണ് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചോ അവിടെ അഡ്മിഷന് ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ എന്തെന്നോ കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവില്ല .
ഈ അജ്ഞത മുതലെടുക്കുകയാണ് അയല്‍ സംസ്ഥാന മാനേജ്മെന്റുകളും അവരുടെ കേരളത്തിലെ ഏജന്റുമാരും. ഇവിടത്തെ കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തറിയില്ല.
ചില ഏജന്റുമാര്‍ വിദ്യാര്‍ഥികളുടെ പേരില്‍ തട്ടിപ്പു കാണിച്ചു വ്യാജമായി എഴുതിവാങ്ങിയ രേഖകള്‍ ഉപയോഗിച്ച് ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പവരെ സംഘടിപ്പിക്കുന്നു. ഇതൊന്നും അറിയാത്ത വിദ്യാര്‍ഥിയുടെ പേരില്‍ ഭീമമായ തുക തിരിച്ചടയ്ക്കുവാന്‍ ആവശ്യപ്പെട്ട് ബാങ്കുകളില്‍നിന്നും നോട്ടീസ് ലഭിച്ച സംഭവങ്ങള്‍ നിരവധിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ കേരളത്തിലെ ബാങ്കുകള്‍ തുടരുന്ന ചിറ്റമ്മനയം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ബാങ്കുകളുടെ നയംമൂലം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന സമൂഹത്തിന് ഉപരിപഠനം നിഷേധിക്കപ്പെടുകയാണ്.
ഉപരിപഠനത്തിനു ജാമ്യമില്ലാ വ്യവസ്ഥയില്‍ 7 .5 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്നാണ് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും നിഷ്കര്‍ഷിക്കുന്നതെങ്കിലും ബാങ്കുകള്‍ അത് പാലിക്കുന്നില്ല.
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെയെന്നോ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നോ സാധാരണക്കാർക്കറിയില്ല. ഇക്കാര്യത്തില്‍ മാര്‍ഗ നിര്‍ദേശം നല്കാന് ബാങ്കുകളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഈ വിഷയങ്ങള്‍ ആസ്പദമാക്കി സമൂഹത്തിനു മാര്‍ഗനിര്‍ദേശം നല്‍കുക എന്ന ആശയം മുൻ നിർത്തി വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് പ്രഫഷണല്‍ സ്കോളേഴ്സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടിനു രാവിലെ 10.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ. തോമസ് അറിയിച്ചു . 9847858469.