ജൂബിലിക്ക് ഒരുങ്ങി പാലാ; നാളെ കൊടിയേറും
1374720
Thursday, November 30, 2023 8:01 AM IST
പാലാ: പാലായ്ക്ക് ഇനി ആഘോഷത്തിന്റെ ജൂബിലിത്തിരുനാൾ ദിനങ്ങൾ. പാലാ ടൗൺ കുരിശുപള്ളിയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിനു നാളെ കൊടിയേറും. നഗരവീഥികൾ വെള്ളിത്തോരണങ്ങളാൽ മേലാപ്പണിയും. വീഥികളും വ്യാപാര സ്ഥാപനങ്ങളും ദീപപ്രഭയിലാകും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തന്‍പള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജൂബിലിത്തിരുനാള്‍ നാളെ മുതല്‍ എട്ടുവരെ ആഘോഷിക്കുന്നത്.
ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍, ബൈബിള്‍ പ്രഭാഷണങ്ങള്‍, തിരുനാള്‍ പ്രദക്ഷിണങ്ങള്‍, മരിയന്‍ റാലി, സാംസ്കാരിക ഘോഷയാത്ര, ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങള്‍, നാടകമേള, വീഥി അലങ്കാരങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ഇത്തവണ തിരുനാളിന് മോടി കൂട്ടും.
ഒന്നിന് വൈകുന്നേരം 6.15 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ളാലം പള്ളിയില്‍നിന്നു വാദ്യമേളങ്ങളോടെ അകന്പടിയോടെ തിരുനാള്‍ പതാക പ്രദക്ഷിണമായി കുരിശുപള്ളിയില്‍ എത്തിക്കും. തുടർന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍ കൊടിയേറ്റുകര്‍മം നടത്തും. രാത്രി ഏഴിന് ടൗണ്‍ഹാളില്‍ സിവൈഎംഎല്‍ നാടകമേളയുടെ ഉദ്ഘാടനവും തുടര്‍ന്ന് നാടകവും ഉണ്ടാകും. ഏഴുവരെ ദിവസവും പുലര്‍ച്ചെ 5.30 ന് വിശുദ്ധ കുര്‍ബാനയും വൈകുന്നേരം 5.30 ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
ഏഴിന് രാവിലെ 11 ന് അമലോത്ഭവമാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് കത്തീഡ്രല്‍ പള്ളി, ളാലം പുത്തന്‍പള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആഘോഷകരമായ പ്രദക്ഷിണം കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിലേക്കും തുടര്‍ന്ന് ജൂബിലി പന്തലിലേക്കും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, എട്ടിന് പാലാ സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി, 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.45 ന് ജൂബിലി സാംസ്കാരികഘോഷയാത്ര, 12.45 ന് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, 1.30 ന് ജൂബിലി കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം എന്നിവ നടക്കും. വൈകുന്നേരം നാലിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും.
ഒന്‍പതിന് രാവിലെ 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്ന തോടെ തിരുനാളിനു സമാപനമാകും. കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, കൈക്കാരന്മാരായ ടോമി തോട്ടുങ്കല്‍, ജോഷി വട്ടക്കുന്നേല്‍, തോമസ് മേനാംപറമ്പില്‍, സാംസ്കാരിക ഘോഷയാത്ര കണ്‍വീനര്‍ രാജേഷ് പാറയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ തിരുനാൾ പരിപാടികൾ വിശദീകരിച്ചു.