മാലിന്യസംസ്കരണത്തിന് ഹാക്കത്തോണ്‍ സംഘടിപ്പിക്കും
1374717
Thursday, November 30, 2023 8:01 AM IST
കോട്ടയം: മാലിന്യസംസ്കരണ രംഗത്ത് നിലവില്‍ പരിഹാരം കാണാന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍ക്കു നൂതനാശയങ്ങള്‍ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്ക്, കില, ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, ക്ളീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായി ഹാക്കത്തോണ്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ട്അപ്പുകളെയും ആശയദാതാക്കളെയും ഉള്‍പ്പെടുത്തി, സാങ്കേതികമികവും സാമൂഹ്യസ്വീകാര്യതയുമുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനായാണ് ഹാക്കത്തോണ്‍.
മാലിന്യസംസ്കരണത്തിനുള്ള സാങ്കേതിക വിദ്യകള്‍, മാലിന്യം കൈകാര്യം ചെയ്യല്‍, മാലിന്യം വേര്‍തിരിക്കല്‍, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍, മാലിന്യസംസ്കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കല്‍, വീണ്ടെടുക്കല്‍ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകള്‍, വിഭവ പുനരുപയോഗവും പരിപാലനവും എന്നിങ്ങനെ മുപ്പതിലധികം വിഷയങ്ങളിലാണ് ഹാക്കത്തോണിലൂടെ പരിഹാരത്തിനു ശ്രമിക്കുന്നത്.
സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആശയദാതാക്കള്‍ക്കും നൂതനാശയ പരിഹാരങ്ങള്‍ ഡിസംബര്‍ 3 വരെ https://kdisc.innovatealpha.org എന്ന വേസറ്റ് മാനേജ്മെന്റ് ഹാക്കത്തോണ്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.