കോട്ടയം ഫ്ളവര്‍ ഷോ 21 മുതല്‍ 31 വരെ നാഗമ്പടം മൈതാനിയില്‍
1374715
Thursday, November 30, 2023 8:01 AM IST
കോട്ടയം: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് കോട്ടയം സോണ്‍ സംഘടിപ്പിക്കുന്ന കോട്ടയം ഫ്ളവര്‍ ഷോ ഡിസംബര്‍ 21 മുതല്‍ 31 വരെ നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കും. 20,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന ലക്ഷക്കണക്കിന് പൂക്കളും വര്‍ണച്ചെടികളും കൊണ്ടലങ്കരിക്കുന്ന പുഷ്പോദ്യാനമാണ് ഫ്ളവര്‍ ഷോയുടെ മുഖ്യ ആകര്‍ഷണം.
വിവിധ ശില്പങ്ങളും രൂപങ്ങളും പച്ചക്കറികള്‍ ഉപയോഗിച്ചുള്ള വെജിറ്റബിള്‍ കാര്‍വിംഗ്,ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍, വിദേശ ഫലവൃക്ഷങ്ങള്‍, ഫ്രൂട്ട് പ്ലാന്റ്സ്, ഇന്‍ഡോര്‍ പ്ലാന്റ്സ്, ചെടിച്ചട്ടികള്‍ അടങ്ങുന്ന നഴ്സറികള്‍, പെറ്റ് ഷോ, ഫുഡ് കോര്‍ട്ട് എന്നിവ ഫ്ളവര്‍ ഷോയ്ക്ക് മിഴിവേകും.
ഡിസംബര്‍ 22ന് വനിതാ കലാകാരികളുടെ സംഘടനയായ പ്രചോദിത ചിത്രാംഗനയിലെ അംഗങ്ങള്‍ നടത്തുന്ന ലൈവ് ചിത്രപ്രദര്‍ശനം, 23നു കുട്ടികള്‍ക്കായി കിഡ്സ് ഫാഷന്‍ ഷോ മത്സരം, 27ന് കുട്ടികളുടെ ചിത്രരചനാ മത്സരം, 28നു കരോള്‍ ഗാന മത്സരം, ആര്‍ക്കും പങ്കെടുക്കാവുന്ന നേച്ചര്‍ ഫോട്ടോഗ്രഫി മത്സരം, വീട്ടിലെ പൂന്തോട്ട മത്സരം തുടങ്ങിയവയോടൊപ്പം സായാഹ്നങ്ങളെ ഉല്ലാസപ്രദമാക്കുന്ന കലാവിരുന്നുകള്‍ എന്നിവയും ഫ്ളവര്‍ ഷോയോടനുബന്ധിച്ച് നടക്കും.
ഫ്ളവര്‍ ഷോയുടെ ബ്രോഷര്‍ പ്രകാശനവും സ്റ്റാളുകളുടെ വില്പന ഉദ്ഘാടനവും കോട്ടയം പ്രസ് ക്ലബില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ലൈഫ് വാലി ഇന്റര്‍നാഷണല്‍ സ്കൂള്‍ ആന്‍ഡ് ജെംസ് സ്കൂള്‍ ഇന്ത്യ ചെയര്‍മാനായ ജോസഫ് സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം ചെയ്തു.
കെത്രിഎ കോട്ടയം സോണ്‍ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെത്രിഎ ചീഫ് പേട്രണ്‍ ജോസഫ് ചാവറ, ലാല്‍ജി വര്‍ഗീസ്, വി.ജി. ബിനു, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് തരകന്, ജെബിസണ്‍ ഫിലിപ്പ്, പി.ബി. സജി, പ്രേം സെബാസ്റ്റ്യന്‍, ബിജു തോമസ്, മനോജ് കുമാര്‍, റജി ചാവറ, ലാലി സജി എന്നിവര്‍പ്രസംഗിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്: 9447008301, 9447118665, 9995241000, 9495686394, 9947166929.