ലോക എയ്ഡ്സ് ദിനം: നാളെ ജില്ലയില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍
1374714
Thursday, November 30, 2023 8:01 AM IST
കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് മാന്നാനം കെഇ കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അധ്യക്ഷത വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, കോളജ് ബര്‍സാര്‍ ഫാ. ബിജു തോമസ്, സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റി ആന്‍ സ്റ്റാന്‍ലി, പഞ്ചായത്തംഗം ഷാജി ജോസഫ്, വിഹാന് സിഎസ്സി കോ-ഓര്‍ഡിനേറ്റര്‍ ജിജി തോമസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകുമാര്‍, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെയും കോളജുകളിലെ റെഡ് റിബണ്‍ ക്ലബ്ബുകളുടെയും രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഇന്നു വൈകുന്നേരം 5.30നു കോട്ടയം ഗാന്ധി സ്ക്വയറില്‍ എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംഘടിപ്പിക്കുന്ന സ്നേഹദീപം തെളിക്കല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന് തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് തണ്ണീര്‍മുക്കം സദാശിവന്റെ നേതൃത്വത്തിലുള്ള കഥാപ്രസംഗം, എസ്എംഇ ഗാന്ധിനഗറിലെ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ്, തെരുവുനാടകം തുടങ്ങിയവയും നടക്കും.
ഇന്നു ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.