പെരുമ്പുഴക്കടവിലെ മുട്ട്: കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമൊരുങ്ങുന്നു
1374705
Thursday, November 30, 2023 8:00 AM IST
പായിപ്പാട്: പെരുമ്പുഴക്കടവിലെ മുട്ട് കാരണം പായിപ്പാട് പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു.
പ്രശ്നത്തിന്റെ ശാശ്വത പരിഹാരമായ പെരുമ്പുഴക്കടവ് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ക്കുള്ള മുന്നൊരുക്കം തുടങ്ങിയെന്നും ചങ്ങനാശേരി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
പാടശേഖരങ്ങള്‍ക്കുള്ള ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ഘടകത്തില്‍ ഉള്‍പ്പെടുത്തി പായിപ്പാട് കൃഷിഭവന് അനുവദിച്ചിട്ടുള്ള 1.50 ലക്ഷം രൂപ ഉപയോഗിച്ച് പെരുമ്പുഴക്കടവ്, നക്ര പുതുവല്‍ ഭാഗങ്ങളിലെ പോളയും ചെളിയും മാറ്റി വെള്ളം ഒഴുക്കുന്നത് സുഗമമാക്കി ഈ വര്‍ഷത്തെ വിത എത്രയും പെട്ടെന്ന് നടത്തുന്നതിനും എംഎല്‍എ അധ്യക്ഷത വഹിച്ച യോഗം നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയില്‍ തോട് വൃത്തിയാക്കുന്നതിന് 10 ലക്ഷം രൂപയ്ക്കുള്ള പായിപ്പാട് പഞ്ചായത്തിന്റെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. യോഗത്തില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി.പി. ശോഭ, വേണുഗോപാല്‍, മേജര്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍ ജോജു, പൂവം തൊള്ളായിരം ഈസ്റ്റ് പാടശേഖര സെക്രട്ടറി കുര്യന് ജോബ്, വിവിധ പാടശേഖര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.