പിആര്‍എസ് വായ്പയ്ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കണം: മോന്‍സ് ജോസഫ്
1374704
Thursday, November 30, 2023 8:00 AM IST
ചങ്ങനാശേരി: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ബാങ്കില്‍നിന്നും പിആര്‍എസ് വായ്പയായാണ് നെല്ലുവില നല്കുന്നതെങ്കില് കര്‍ഷകരെ വായ്പാക്കുരുക്കില്പ്പെടുത്താതെ സര്‍ക്കാരാവണം ജാമ്യം നില്ക്കേണ്ടതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. വിവിധ കര്‍ഷകപ്രശ്നങ്ങള്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി മങ്കൊമ്പില്‍ നടത്തുന്ന ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ രണ്ടാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്പാക്കുരുക്കില്പ്പെട്ട് അടുത്തകാലത്ത് ആത്മഹത്യ ചെയ്ത മൂന്ന് കര്‍ഷകരുടെയും മരണത്തിനുത്തരവാദി സര്‍ക്കാര്‍തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച നെല്ലുവില സംസ്ഥാന വിഹിതത്തില്‍ വെട്ടിക്കുറയ്ക്കുകയും രൊക്കമായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചശേഷം കര്‍ഷകരെ പിആര്‍എസ് വായ്പാക്കുരുക്കില്പ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും മോൻസ് കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു, അലക്സ് മാത്യു, ജോസഫ് ചേക്കോടന്‍, അനില്‍ ബോസ്, സജി ജോസഫ്, കെ. ഗോപകുമാര്‍, ഡോ. റൂബിള്‍ രാജ്, നൈനാന് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപവാസ സത്യഗ്രഹം ഇന്നു സമാപിക്കും.