യുവതയുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കും: എം. ഷാജർ
1374702
Thursday, November 30, 2023 8:00 AM IST
കോട്ടയം: യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാപ്രവണതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാനസികാരോഗ്യത്തിനായി യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ തയാറാക്കുമെന്ന് യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജനകമ്മീഷന് അദാലത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വേ നടന്നുവരികയാണ്. ജനുവരി ഒന്നിന് സര്‍വേ റിപ്പോര്‍ട്ട് കമ്മീഷനു ലഭിക്കും.
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാല്‍ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പുലര്‍ത്തണം. ലോണ്‍ ആപ്പ് പോലുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു യുവാക്കള്‍ ബോധവാന്മാരാകണമെന്നും ചെയര്മാന് ആവശ്യപ്പെട്ടു. എംജി സര്‍വകലാശാലയില്‍നിന്നു ബിടെക് ബിരുദം നേടിയ വിദ്യാര്‍ഥികളുടെ ക്രെഡിറ്റ് പോയിന്റ് ആവറേജ് വിഷയത്തിൽ അദാലത്തിലൂടെ പരിഹാരമായി. കമ്മീഷന് അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, അബേഷ് അലോഷ്യസ്, കമ്മീഷന് സെക്രട്ടറി ഡാര്‍ളി ജോസഫ്, നിയമോപദേശക വിനിത വിന്‍സെന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
13 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. ഏഴു പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. പുതുതായി മൂന്ന് പരാതികളും ലഭിച്ചു.