ഡോ. സെബാസ്റ്റ്യന്‍ നരിവേലി പടിയിറങ്ങുന്നു
1374525
Thursday, November 30, 2023 12:59 AM IST
പാലാ: പാലാ സെന്റ്് തോമസ് കോളജില്‍ പതിനെട്ടാം വയസില്‍ ആരംഭിച്ച അധ്യാപനത്തിന് 56 വര്‍ഷത്തിനുശേഷം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജില്‍ ഇന്നു തിരശീല വീഴുന്നു. പാലാ അരുണാപുരം സ്വദേശിയായ ഡോ. സെബാസ്റ്റ്യന്‍ നരിവേലിയാണ് ഇന്നു പടിയിറങ്ങുന്നത്.
നാഷണല്‍ എജ്യുക്കേഷന്‍ പോളിസി 2020 അനുസരിച്ച് ഒന്നാം ക്ലാസില്‍ ചേരാന്‍ ആറു വയസ് പൂര്ത്തിയാകണമെന്നിരിക്കെ സെബാസ്റ്റ്യന്‍ സാര്‍ ആറാം വയസില്‍ ആറാം ക്ലാസിലായിരുന്നു. കൊഴുവനാല്‍ സെന്റ്് ജോണ്‍ നെപുംസ്യാന്‍സ് സ്കൂളിലായിരുന്നു ആറു മുതല്‍ എട്ടു വരെ ക്ലാസുകള്‍ പഠിച്ചത്. ഒന്‍പതു മുതല്‍ 11 വരെ ക്ലാസുകള്‍ മുത്തോലി സെന്റ്് ആന്റണീസ് ഹൈസ്കൂളില്‍ പൂര്‍ത്തിയാക്കി. പ്രീയൂണിവേഴ്സിറ്റിക്ക് പാലാ സെന്റ്് തോമസ് കോളേജിന്റെ മുറ്റത്തെത്തുമ്പോള്‍ പ്രായം 12. പതിനാറാം വയസില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും 18ല്‍ ബിരുദാനന്തര ബിരുദവും നേടിയത് സംസ്ഥാന റിക്കാര്‍ഡായി മാറി. എംഎ പരീക്ഷയുടെ റിസള്‍ട്ട് അറിയാനായി കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം കൂടി ആയിരുന്ന പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കുരീത്തടത്തെ സമീപിച്ച സെബാസ്റ്റ്യന്‍ കിട്ടയത് സാക്ഷാല്‍ അപ്പോയിന്റ്്മെന്റ്് ഓര്‍ഡര്‍ പാലാ സെന്റ്് തോമസില്‍ 1967 ജൂലൈ 11ന് അധ്യാപകനായി ചുമതലയേറ്റു.
1999 ല്‍ സെന്റ്് തോമസില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായി. വൈകാതെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളജധ്യാപകന് എന്ന അംഗീകാരം 2001ല്‍ ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സും സമ്മാനിച്ചു. 2004ല്‍ സെന്റ്് തോമസില്‍നിന്ന് പടിയിറങ്ങി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ സേവനം ചെയ്തു. 2007 നവംബര്‍ 27ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജില്‍നിന്നുള്ള ക്ഷണം സ്വീകരിച്ചു.
സെബാസ്റ്റ്യന്‍ നരിവേലി കൂടി എത്തിയതോടെ അമല്‍ ജ്യോതിയിലെ ബേസിക് സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് വിഭജിച്ച് ഹ്യൂമാനിറ്റീസ് എന്ന പുതിയ വിഭാഗം തുടങ്ങി. ഒരു വ്യാഴവട്ടം വകുപ്പ് മേധാവിയായിരുന്ന നരിവേലിസാര് 2019ല്‍ തന്റെ മുന്‍ വിദ്യാര്‍ഥിനി ഡോ. യെലന തോമസിനെ വകുപ്പധ്യക്ഷസ്ഥാനം ഏല്പിച്ച് അഡ്ജംക്ട് പദവിയിലേക്ക് പിന്മാറി. പാലാ അല്‍ഫോന്‍സാ കോളജിലെ കെമിസ്ട്രി വിഭാഗം പ്രഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് ഭാര്യ. രണ്ട് മക്കള്‍. ബിപിന്‍ സകുടുംബം ബര്‍മിംഗ്ഹാമില്‍, ബോബി കുടുംബസമേതം മെല്‍ബണിലും.