യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1374524
Thursday, November 30, 2023 12:59 AM IST
എരുമേലി: പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്തു വിലങ്ങുപാറ മുഹമ്മദ് ഫഹദ് (21), എരുമേലി ഉറുമ്പി പാലം ഭാഗത്ത് കുരിശുംമൂട്ടിൽ ആൽബിൻ കെ. അരുൺ (21) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി 7.45 ഓടുകൂടി എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള ഭാരത് പെട്രോളിയം പമ്പിൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെ പമ്പിൽ എത്തിയ ഇവർ ഇരുവരും അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ സുഹൃത്തുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട് ബഹളം വച്ചതിനെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ മർദിക്കുകയും കൈയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തിനെയും പമ്പിലെ മറ്റു ജീവനക്കാരനെയും ഇവർ മർദിച്ചു.
എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐമാരായ ശാന്തി കെ. ബാബു, രാധാകൃഷ്ണൻ, സിപിഒമാരായ ചാക്കോ പൗലോസ്, സിജു കുട്ടപ്പൻ, ബോബി സുധീഷ്, രാജൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫഹദിന് എരുമേലി സ്റ്റേഷനിലും, ആൽബിന് മുണ്ടക്കയം സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.