എരുമേലി ശരണമുഖരിതമായി: കുരുക്കിൽ തീർഥാടകരും നാട്ടുകാരും
1374523
Thursday, November 30, 2023 12:59 AM IST
എരുമേലി: അയ്യപ്പ ഭക്ത സംഘങ്ങൾ നിറഞ്ഞ് എരുമേലി പട്ടണ തിരക്കിലേക്ക്. അതേസമയം തിരക്ക് കുറയുന്ന കാഴ്ചയുമുണ്ട്. ടൗൺ റോഡിൽ വൺവേ ഗതാഗതം ആണെങ്കിലും തീർഥാടകരുടെ തിരക്ക് കൂടുമ്പോൾ എല്ലാ റോഡും കുരുക്കിൽ ആകുന്നു.
വൺവേയുടെ ഭാഗമായി കെഎസ്ആർടിസി ജംഗ്ഷനിൽ ടിബി റോഡ് വഴിയാണ് പേട്ടക്കവല ഒഴിവാക്കാൻ വാഹനങ്ങൾ കടത്തി വിടുന്നത്. ഈ റോഡിൽ ഇരുവശങ്ങളിൽ നിന്നു വാഹനങ്ങൾ കടത്തി വിടുന്നതിനാൽ തിരക്കും കുരുക്കും ഈ റോഡിലാണ് കൂടുതൽ അനുഭവപ്പെടുന്നത്. നടന്നു പോകാൻ കഴിയാത്ത വിധമാണ് ഈ റോഡിൽ വാഹനത്തിരക്ക്. സ്കൂൾ വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. ഭാര വാഹനങ്ങളെയും ഈ റോഡിലൂടെയാണ് കടത്തി വിടുന്നത്. പേട്ടക്കവലയിൽ അയ്യപ്പ ഭക്തരെ ക്ഷേത്രത്തിലേക്കും തുടർന്ന് തിരികെ മുസ്ലീം പള്ളിയിലേക്കും കടത്തി വിടാൻ രണ്ട് തവണ റോഡ് കുറുകെ കടക്കേണ്ടതുണ്ട്.
തിരക്കു കൂടുമ്പോൾ ഇത് ഗതാഗതം നിശ്ചലമാക്കിയാണ് നടത്തേണ്ടി വരുന്നത്. പേട്ടതുള്ളൽ നടത്തി വലിയമ്പലം വരെ തീർഥാടകർ സഞ്ചരിക്കുന്നതിന് റോഡിന്റെ ഒരു വശം ഗതാഗത മുക്തമാക്കിയിരിക്കുകയാണ്. ഇതേ വശത്ത് കൂടിയാണ് പേട്ടതുള്ളൽ നടത്താൻ വേണ്ടി പേട്ടക്കവലയിലേക്ക് തീർഥാടകർ സഞ്ചരിക്കേണ്ടത്.
മറുവശം വൺവെ ഗതാഗതത്തിനായി ക്രമീകരിച്ചിരിക്കുകയാണ്. പേട്ടതുള്ളാൻ പോകുന്നവരും പേട്ടതുള്ളൽ നടത്തുന്നവരും ഒരേ വശത്തു കൂടി വേണം സഞ്ചരിക്കാൻ. ഇത് വലിയ തിരക്ക് സൃഷ്ടിക്കുകയാണ്. വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നിരിക്കെ ഈ സംവിധാനം തകിടം മറിയുമെന്നും ഫലപ്രദമായ ബദൽ സംവിധാനം ഏർപ്പെടുത്തുകയാണ് ഉചിതമായ മാർഗമെന്നും നാട്ടുകാരും പൊതു പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.