പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം പൊളിച്ചു നീക്കി
1374515
Wednesday, November 29, 2023 11:00 PM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തല നവകേരള സദസിന് പന്തലൊരുക്കാൻ പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം പൊളിച്ച് നീക്കി.
സ്കൂളിന്റെ പഴയ ഇരുനില മന്ദിരമാണ് പൊളിച്ചുനീക്കുന്നത്. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഒപ്പം സ്കൂളിന്റെ മുറ്റമൊന്നാകെ നിരപ്പാക്കുന്ന ജോലികളും നടന്നു വരുന്നുണ്ട്. പണികൾ പൂർത്തിയായ ശേഷം വേണം പന്തലിടുന്ന നടപടികളിലേയ്ക്ക് കടക്കാൻ.
എന്നാൽ, ഉപയോഗിക്കാതെയും ഫിറ്റ്നസ് കിട്ടാതെയും വര്ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. മൂന്നുവർഷം മുന്പു പുതിയ കെട്ടിടം നിർമിച്ച് ക്ലാസുകൾ ഇങ്ങോട്ടേയ്ക്ക് മാറ്റിയതോടെ ഫിറ്റ്നസ് നഷ്ടമായ പഴയ കെട്ടിടം വെറുതെ കിടക്കുകയായിരുന്നു.
ഇതാണ് ഇപ്പോൾ പൊളിച്ച് നീക്കുന്നത്. വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ വാല്യൂവേഷൻ ലഭിക്കാനുണ്ടായ കാലതാമസം മൂലമാണ് കെട്ടിടം പൊളിച്ച് നീക്കാൻ താമസം വന്നതെന്നും അധികൃതർ പറഞ്ഞു. ഡിസംബർ 12നാണ് നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പൊൻകുന്നത്ത് എത്തുന്നത്.