ഭാഗ്യം, കോട്ടയത്ത് ആ കുഞ്ഞിനെ നഷ്ടമായില്ല
1374427
Wednesday, November 29, 2023 7:15 AM IST
കോട്ടയം: കേരളം വിതുമ്പിയ നിമിഷങ്ങളായിരുന്നു അത്. കോട്ടയം മെഡിക്കല്‍ കോളജ് പ്രസവ വാര്‍ഡില്‍നിന്നു നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവം. 2022 ജനുവരി ആറിനായിരുന്നു നഴ്സ് വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ മോഷ്ടിച്ചു കടന്നത്. ഒരു മണിക്കൂറിനകം ആശുപത്രിക്കു മുന്നിലുള്ള ഹോട്ടലിനു സമീപത്തുനിന്നു സ്ത്രീയെ കണ്ടെത്തി, സുരക്ഷിതമായി കുഞ്ഞിനെയും.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ യുവതിയാണ് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്തികൊണ്ടുപോയത്. കാട്ടുതീ പോലെ സംഭവം അറഞ്ഞയുടന്‍ ഗാന്ധിനഗര്‍ പോലീസും കൂട്ടിരിപ്പുകാരും ടാക്സി തൊഴിലാളികളും ആശുപത്രി പരിസരങ്ങളിലും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിക്കു സമീപത്തുള്ള ഹോട്ടലിനു മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഒന്നര മണിക്കൂറിനകം കുട്ടിയെ വീണ്ടെടുക്കാനായതെന്ന് അന്ന് ഗാന്ധിനഗര്‍ എസ്ഐയും ഇപ്പോള്‍ കിടങ്ങൂര്‍ എസ്എച്ച്ഒയുമായ ടി.എസ്. റെനീഷ് പറഞ്ഞു.
കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും പരിശോധനയ്ക്ക് ഡോക്ടര്‍ ആവശ്യപ്പെടുന്നുവെന്നും ധരിപ്പിച്ചാണ് അമ്മൂമ്മയുടെ കൈയില്‍നിന്ന് യുവതി കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഇവർ കുഞ്ഞുമായി പുറത്തേക്കു പോവുകയായിരുന്നു. കുഞ്ഞിനെ വീണ്ടെടുത്ത പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. സന്താനഭാഗ്യം ഇല്ലാതെ വന്നതോടെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് യുവതി പോലീസിനെ ധരിപ്പിച്ചത്.
ജിബിന്‍ കുര്യന്