നെടുംകുന്നം പള്ളിയില്‍ പുഴുക്കുനേര്‍ച്ച ഇന്ന്
1374426
Wednesday, November 29, 2023 7:15 AM IST
നെടുംകുന്നം: രണ്ടു നൂറ്റാണ്ടിലേറെയായി നെടുംകുന്നത്തിന്റെ ആഘോഷമാണ് യോഹന്നാന് മാംദാനയുടെ തിരുനാളും പുഴുക്കുനേര്‍ച്ചയും. ഇടവകക്കാര് മാത്രമല്ല വിവിധ ദേശക്കാരും തിരുനാളിന് ഒത്തുചേരുന്നു. ഇവിടങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറിയവരും കാത്തിരിക്കുന്ന ദിനമാണ് വൃശ്ചികം 13. മലയാളം മാസതീയതി കണക്കാക്കി തിരുനാള്‍ ആഘോഷിക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് നെടുംകുന്നം ഫൊറോനാ പള്ളി.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ നിര്‍മിച്ച ആദ്യ പള്ളിക്ക് ഒരു വൃശ്ചികം 13നാണ് കല്ലിട്ടത്. തുടര്‍ന്ന് എല്ലാവര്‍ഷവും വൃശ്ചികം 13 കല്ലിട്ട തിരുനാള്‍ ആചരിച്ചതായി ചരിത്രരേഖകളില്‍ പറയുന്നു. ആ ദിവസം പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് തികച്ചും താപസനായി ജീവിച്ച ആദ്യ വികാരി നെടുങ്ങോത്തച്ചന്‍ എന്നറിയപ്പെടുന്ന കളത്തൂര്‍ ഏബ്രാഹം കത്തനാര്, അക്കാലത്ത് നാട്ടില്‍ സുലഭമായിരുന്ന കാര്‍ഷിക, ഫലമൂലാദികള്‍ ചേര്‍ത്ത് പുഴുക്കു നല്കുന്ന പതിവുണ്ടായിരുന്നു. ഇതാണ് പിന്നീട് അമ്പതിനായിരത്തോളം പേര് പങ്കെടുക്കുന്ന ഇന്നത്തെ പുഴുക്കുനേര്‍ച്ചയായി മാറിയത്. ചേര്‍ക്കുന്ന വിഭവങ്ങള്‍കൊണ്ടും നേര്‍ച്ച പുഴുക്ക് തയാറാക്കല്‍ കൊണ്ടും സവിശേഷമാണ് നെടുംകുന്നം പള്ളിയിലെ പുഴുക്കുനേര്‍ച്ച.
തലേ ദിവസം രാത്രിയില്‍ ഇടവക ജനങ്ങള്‍ നേര്‍ച്ച പുഴുക്കിനുള്ള വിഭവങ്ങള്‍ ഒരുക്കി തയാറാക്കും. 4,000 കിലോ കപ്പ, 1,300 കിലോ ചേമ്പ്, 700 കിലോ ഏത്തക്കായ്, 1300 കിലോ കാച്ചില്, 1500 കിലോ പോത്തിറച്ചി, വെളിച്ചെണ്ണ , ഉള്ളി 70 കിലോ വീതം, ഇഞ്ചി 75 കിലോ, മസാലക്കൂട്ട് 200 കിലോ, എന്നീ കണക്കിലാണ് ഇത്തവണ നേര്‍ച്ച പുഴുക്കിലെ ചേരുവകള്‍. ഇവ ഉച്ചയോടെ ചെമ്പുകളില്‍ വേവിച്ചെടുക്കും.
ഇത്തവണ 35 ചെമ്പ് നേര്‍ച്ച പുഴുക്കാണ് ഒരുക്കുന്നത്. 600 വോളന്റിയര്‍മാര്‍ പള്ളി മൈതാനിയില്‍ നിരയായി ഇരിക്കുന്ന കാല് ലക്ഷത്തോളം വിശ്വാസികള്‍ക്ക് നേര്‍ച്ച പകര്‍ന്നു നല്‍കും. പള്ളിപ്പറമ്പില്നിന്നു ശേഖരിച്ചതും, വിശ്വാസികള്‍ പള്ളിയിലെത്തിക്കുന്നതുമായ തേക്കിലകളിലാണ് നേര്ച്ചപ്പുഴുക്കു നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്.