സ്മൃതിമധുരം പങ്കുവച്ച് അലോഷ്യന്‍ ടെന്മേറ്റ്സ്
1374422
Wednesday, November 29, 2023 7:15 AM IST
അതിരമ്പുഴ: ഓര്‍മകളുടെ ചെപ്പുതുറന്ന് ഒരിക്കൽകൂടി ആ കലാലയമുറ്റത്ത് അവർ ഒന്നിച്ചിരുന്നു. 1985-86 വര്‍ഷം സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താംക്ലാസിൽ പഠിച്ച വിദ്യാര്‍ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന കലാലയമുറ്റത്ത് ഒരുമിച്ചു കൂടിയത്. അവരോടൊപ്പം നിലവിലെ അധ്യാപകരും ഒത്തുചേര്‍ന്നപ്പോള്‍ ചടങ്ങിനു പകിട്ടേറി. അലോഷ്യന്‍ ടെന്മേറ്റ്സ് സംഗമം ഓര്‍മകളുടെ നിറച്ചാർത്താകുകയായിരുന്നു.
കാലം വരുത്തിയ മാറ്റത്തിലും അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതും അന്നത്തെ സ്കൂള്‍ ഓര്‍മകള്‍ പങ്കുവച്ചതും മധുരനെല്ലിക്കയായി. അധ്യാപകരുടെ പ്രായം തളര്‍ത്താത്ത ഓര്‍മകള്‍ക്കുമുന്നില്‍ അവര്‍ ആ പഴയ പത്താംക്ലാസുകാരും.
37 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചുകൂടിയ അവര്‍ വാചാലരായി. നീണ്ടവര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ മറന്ന് അവര്‍ പഴയ സഹപാഠികളായി തോളോടുതോള്‍ ചേര്‍ന്നു ജീവിതകഥകൾ വിവരിച്ചു. അധ്യാപകരെ ആദരിച്ചും സഹപാഠികളുടെ പാട്ടും ഡാന്‍സും ആസ്വദിച്ചും അധ്യാപകരൊപ്പംനിന്നു ഫോട്ടോയെടുത്തും ചടങ്ങ് അലോഷ്യന്‍ ടെന്മേറ്റ്സ് അവിസ്മരണീയമാക്കി. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ഈയൊരു ദിനത്തിനായി ഓടി നടന്ന സംഘാടകരെ അനുമോദിച്ചും വരുംതലമുറയ്ക്കായി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചും കൂട്ടായ്മ ശക്തിപ്പെടുത്തി. തങ്ങളില്‍നിന്നു മാഞ്ഞുപോയ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മൗനമായി പ്രാര്‍ഥിക്കാനും അവർ സമയം കണ്ടെത്തി.
അലോഷ്യന്‍ ടെന്മേറ്റ്സ് പൂർവവിദ്യാർഥി സംഗമം സ്കൂള്‍ മാനേജരും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിവികാരിയുമായ റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. അലോഷ്യന്‍ ടെന്മേറ്റ്സ് പ്രസിഡന്റ് ബോബി ജയിംസ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ അധ്യാപകരെ വിദ്യാര്‍ഥികള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ടെൻമേറ്റ് ചങ്ങനാശേരി എസ്ബി കോളജ് പ്രിന്‍സിപ്പൽ ഫാ. റെജി പ്ലാത്തോട്ടം സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, ഹെഡ്മാസ്റ്റര് ചെറിയാന് ജോബ്, പൂർവ അധ്യാപകരായ കെ.പി. ദേവസ്യ, ജേക്കബ് ജോസഫ്, കെ.സി. ജോണ്‍, തോമസ് സിറിയക്, കെ.ജെ. ശോശാമ്മ, മേരി രാജമ്മ, പി.യു. റോസമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലിയ റഹ്മാന്, ജയിംസ് കുര്യന്, ദീപ തോംസണ്‍, ബിജു കുര്യന് എന്നിവരുടെ സംഗീതവും വിവിധ കലാപരിപാടികളും സംഗമത്തെ വര്‍ണാഭമാക്കി. സെക്രട്ടറി ബിനോയ് തോമസ് സ്വാഗതവും ട്രഷറര്‍ ജിജി തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഒന്നിച്ചു സ്നേഹവിരുന്നില്‍ പങ്കെടുത്താണ് അധ്യാപകരും വിദ്യാര്‍ഥികളും പിരിഞ്ഞത്. വീണ്ടും കാണാമെന്ന പ്രത്യാശയോടെ...