മദ്യലഹരിയിൽ യുവാവ് വീടിനു തീവച്ചു
1374420
Wednesday, November 29, 2023 7:15 AM IST
കോട്ടയം: മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വീട്ടുപകരണങ്ങളും മക്കളുടെ പുസ്തകങ്ങളും കത്തിനശിച്ചു. കൈപ്പുഴ പള്ളിച്ചിറയിൽ ബിബിനാ (32)ണു മദ്യലഹരിയിൽ പരാക്രമം കാട്ടിയത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ ബഹളം ഉണ്ടാക്കുകയും വീട്ടുപകരണങ്ങൾക്ക് തീവയ്ക്കുകയുമായിരുന്നു. കട്ടിലും കിടക്കയും കുട്ടികളുടെ പുസ്തകങ്ങളും വീടിന്റെ ഹാളിൽ കൂട്ടിയിട്ടശേഷം തീകൊടുത്തു. ഇയാളുടെ അമ്മയും രണ്ട് കുട്ടികളും ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടി. തീപിടിത്തത്തിൽ വീടിന്റെ മേൽക്കൂരയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.