പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
1374417
Wednesday, November 29, 2023 7:15 AM IST
ഏറ്റുമാനൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ തേനാകര ഷിന്റോ (22), ഏറ്റുമാനൂര്‍ കട്ടച്ചിറ ഷട്ടര്‍ കവല തമ്പേമഠത്തില്‍ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്റ് കോളനി പരിയത്താനം രതീഷ്(30), ഏറ്റുമാനൂര്‍ പുന്നത്തറ ചെറ്റയില്‍ സുധീഷ് (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂര്‍ കിസ്മത്ത് പടി ഭാഗത്തുള്ള പൊന്മാങ്കല് പമ്പിലെ ജീവനക്കാരനെ അവിടെവച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പമ്പിലെത്തിയ ഇവരുടെ സുഹൃത്ത് ജീവനക്കാരനോടു പണം നല്‍കാതെ വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ പറഞ്ഞതിനെ ജീവനക്കാരന് എതിര്‍ത്തിരുന്നു.
ഇതിലുള്ള വിരോധം മൂലം ഇയാള്‍ തിരിച്ചുപോയി സുഹൃത്തുക്കളുമായെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ സംഘം ചേര്‍ന്നു ജീവനക്കാരനെ മര്‍ദിക്കുകയും കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ആക്രമണത്തില്‍ ജീവനക്കാരനു സാരമായ പരിക്കേറ്റു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ തെരച്ചിലിനൊടുവില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍നിന്നും പിടികൂടിയത്.
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ശക്തമാക്കി.