ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍
1374416
Wednesday, November 29, 2023 7:15 AM IST
ഏറ്റുമാനൂര്‍: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര കണിയാംപറമ്പില്‍ സുജേഷ് സുരേന്ദ്രനെ (കുഞ്ഞാവ -27)ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ 22നു വൈകുന്നേരം ആറിനു കോട്ടമുറി ഭാഗത്തുള്ള ഷാപ്പിലെത്തുകയും കള്ള് തരാന്‍ വൈകിയെന്നു പറഞ്ഞു ജീവനക്കാരനെ അസഭ്യം പറഞ്ഞു കള്ളുകുപ്പികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകര്‍ത്ത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇയാളുടെ സുഹൃത്ത് ഷാപ്പിനു മുന്‍വശം മീന്‍ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ ഷാപ്പില് കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പില് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവില്‍ വിഷ്ണു വിശ്വനാഥിനെ (27) കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് സുജേഷ് സുരേന്ദ്രന് പോലീസ് പിടിയിലാകുന്നത്. എസ്എച്ച്ഒ പ്രസാദ് എബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.