പെരുവയിലെ ആനക്കുളം പ്ലാസ്റ്റിക് മാലിന്യത്താല്‍ നിറയുന്നു
1374410
Wednesday, November 29, 2023 7:15 AM IST
പെരുവ: പെരുവയിലെ ആനക്കുളം (അര്ഥക്കുളം) പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ട് നിറയുന്നു. പെരുവ നരസിംഹസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മൂന്ന് കുളങ്ങളില്‍ ഒന്നാണ് അര്ഥക്കുളം.
മുമ്പ് ജലസമൃദ്ധമായ കുളം പെരുവയിലെ കര്‍ഷകരുടെ ജലസ്രോതസ് കൂടിയാണ്. പുരാതന കുളം ഒരിക്കലും വറ്റാത്തതായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. ചെളി നിറഞ്ഞതോടെ കുളം ഇപ്പോള്‍ വേനല്‍ക്കാലത്ത് വറ്റുന്ന സ്ഥിതിയിലാണ്.
ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിന് സമീപം പഞ്ചായത്ത് റോഡരികില്‍ സ്ഥിതി ചെയ്യുന്ന കുളം ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ചപ്പുചവറുകളുമെല്ലാം നിറഞ്ഞ് മാലിന്യക്കുളമായി മാറിയിരിക്കുകയാണ്.
പൗരാണികവും ചരിത്രപ്രസിദ്ധവുമായ കുളം മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലത്ത് കുളത്തിലെ മലിനജലം പരിസരങ്ങളിലെ പറമ്പുകളിലേക്കും കിണറുകളിലേക്കുമാണ് ഒഴുകിയെത്തുന്നത്.
ഇതുമൂലം ആരോഗ്യപ്രശ്നങ്ങളും പരിസരവാസികള്‍ നേരിടുന്നു. മാലിന്യമുക്ത കേരളത്തിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നടക്കുന്ന സമയത്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞ ഈ കുളം വൃത്തിയായി സംരക്ഷിക്കാന്‍ ശാശ്വത പദ്ധതി മുളക്കുളം പഞ്ചായത്തധികൃതര്‍ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.