പുതിയ ടെര്‍മിനലിന് ഭരണാനുമതി; 7.5 കോടിയുടെ പദ്ധതി
1374407
Wednesday, November 29, 2023 7:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 7.5 കോടിയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ 2023-2024 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്നുള്ള 2.20കോടി രൂപയും മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 5.10കോടി രൂപയും കൂട്ടിച്ചേര്‍ത്തുള്ള തുകയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.
നേരത്തേ നിര്‍ദേശിച്ച തുക ആധുനിക സൗകര്യങ്ങളോടു കൂടിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് അപര്യാപ്തമായതിനാലാണ് 2023- 2024 സാമ്പത്തിക വര്‍ഷത്തെ തന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും ആവശ്യമായ തുക ലഭ്യമാക്കിയതെന്നും എംഎല്‍എ പറഞ്ഞു.
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലുമായും കോട്ടയം ജില്ലാ കളക്ടറുമായും എംഎല്‍എ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് മൂന്നുവര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഒന്നായി ഉപയോഗിക്കുന്നതിന് പ്രത്യേകാനുമതി ലഭിച്ചത്. സാങ്കേതികാനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ ചൂണ്ടിക്കാട്ടി.
രണ്ടാം ഘട്ടത്തിന് ആവശ്യമായ തുക അനുവദിക്കും
ആദ്യഘട്ടത്തിന്റെ രൂപരേഖ ഇതിനോടകം തയാറാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ തുകയും എംഎല്‍എഫണ്ടില്‍നിന്നും അനുവദിക്കുമെന്ന് ജോബ് മൈക്കിള്‍ വ്യക്തമാക്കി.
നിര്‍മാണത്തിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ അപകടകരമായ നിലയില്‍ ഉണ്ടായിരുന്ന പഴയ കെഎസ്ആര്‍ടിസി സ്റ്റേഷന്മാസ്റ്ററുടെ ഓഫീസ് പൊളിച്ചുമാറ്റിയിരുന്നു.
സ്റ്റേഷന് മാസ്റ്ററുടെ ഓഫീസും അനുബന്ധ ഓഫീസുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും പുതതായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് വെയിറ്റിംഗ് ഷെഡിലേക്ക് മാറ്റിയിട്ടുണ്ട്.