കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്: വിദ്യാദര്‍ശന്‍ പ്രയാണത്തിന് ചങ്ങനാശേരിയില്‍ ഉജ്വല സ്വീകരണം
1374406
Wednesday, November 29, 2023 7:15 AM IST
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോട്ടുനിന്നും ആരംഭിച്ച വിദ്യാ ദര്ശന് പ്രയാണ വാഹന പ്രചരണ ജാഥയ്ക്ക് ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്കി.
സമ്മേളനം അതിരൂപത വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് എയ്ഡഡ് മേഖലയോടു സര്‍ക്കാര്‍ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ഈ രംഗത്തെ വിവിധ പ്രതിസന്ധികള്‍ക്കു പരിഹാരം കാണമെന്നും വികാരിജനറാള്‍ അഭിപ്രായപ്പെട്ടു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറല്‍സെക്രട്ടറി സി.ടി. വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. അതിരൂപത കോര്‍പറേറ്റ് അസിസ്റ്റന്റ് മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ, പ്രസിഡന്റ് ഈശോ തോമസ്, വൈസ് പ്രസിഡന്റ് ഷൈനി കുര്യാക്കോസ്, സെക്രട്ടറി ഡോ. ജിഷാമോള്‍ അലക്സ്, ജോയിന്റ് സെക്രട്ടറി ജോഘേഷ് വര്‍ഗീസ്, ട്രഷറര്‍ സോജന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കോര്‍പറേറ്റ് മാനേജ്മെന്റിലെ നൂറുകണക്കിന് അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ ഉടന്‍ അഗീകരിക്കുക, ഉച്ചഭക്ഷണ ഫണ്ട് സമയബന്ധിതമായി വര്‍ധിപ്പിച്ചു നല്‍കുക, നിലവില്‍ സര്‍വീസില്‍ ഉള്ളവരെ കെ-ടെറ്റില്‍നിന്ന് ഒഴിവാക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സംഘടന പ്രയാണം നടത്തുന്നത്.