വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് 2.51 കോടി അനുവദിച്ചു
1374405
Wednesday, November 29, 2023 7:15 AM IST
ചങ്ങനാശേരി: ശതാബ്ദി പിന്നിടുന്ന വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് 2.51 കോടി അനുവദിച്ചു.
വാഴപ്പള്ളി വില്ലേജ് ഓഫീസിനു സമീപത്തുള്ള പോസ്റ്റല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോസ്റ്റല്‍ എന്‍ജിനിയറിംഗ് വിഭാഗം കെട്ടിട നിര്‍മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിച്ചതായും കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിന് എതിര്‍വശത്ത് എംസി റോഡരികില്‍ ഏറെ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോള്‍ വെസ്റ്റ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എംസി റോഡ് വികസനം നടന്നതോടെ ഈ പോസ്റ്റ് ഓഫീസ് കെട്ടിടം റോഡില്‍നിന്നു താഴെയാണ് സ്ഥിതി ചെയ്യുന്നത്.
വിവിധ സൗകര്യങ്ങളോടെ ഇവിടെ വിശാലമായ കെട്ടിടം നിര്‍മിക്കാനാണ് 2021ല്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. പോസ്റ്റ് ഓഫീസിനുള്ള കെട്ടിടം മാത്രം നിര്‍മിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.