കിടങ്ങൂര്‍-കൂടല്ലൂര്‍-കടപ്ലാമറ്റം റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും
1374276
Wednesday, November 29, 2023 12:58 AM IST
കിടങ്ങൂര്‍: കിടങ്ങൂര്‍ - പിറയാര്‍ - കൂടല്ലൂര്‍ - കടപ്ലാമറ്റം റോഡിന്റെ റീടാറിംഗ് ഉള്‍പ്പെടയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു രാവിലെ എട്ടിന് കിടങ്ങൂര്‍ പള്ളി ജംഗ്ഷനില്‍ തുടക്കം കുറിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കിടങ്ങൂര്‍ - കൂടല്ലൂര്‍ - കടപ്ലാമറ്റം റോഡ് നവീകരണത്തിന് മോന്‍സ് ജോസഫ് എം എല്‍ എ മുന്‍കൈയെടുത്ത് 75 ലക്ഷം രൂപയുടെ വികസന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യ റീച്ച് ഉള്‍പ്പെടുന്ന കിടങ്ങൂര്‍ പള്ളി മുതല്‍ കിഴക്കേ കൂടല്ലൂര്‍ കവലക്കു ശേഷം വരെ എത്തുന്ന 3.200 കിലോമീറ്റർ ദൂരം നവീകരിക്കാന്‍ 60 ലക്ഷം രൂപ എംഎല്‍എ ഫണ്ട് ലഭിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
തുടര്‍ന്ന് കടപ്ലാമറ്റം വരെയുള്ള രണ്ടാംറീച്ചിന്റെ റീടാറിംഗ് നടപ്പാക്കാന്‍ 15 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പില്‍നിന്ന് എംഎല്‍എയുടെ പരിശ്രമഫലമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നു രാവിലെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിന്റെ അധ്യക്ഷതയില്‍ കിടങ്ങൂര്‍ പള്ളി ജംഗ്ഷനില്‍ ചേരുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കിടങ്ങൂര്‍ ഫൊറോന പള്ളി വികാരി ഫാ. ജോസ് നെടുങ്ങാട്, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അശോക് കുമാര്‍ പുതുമന, കിടങ്ങൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രശ്മി രാജേഷ്, പഞ്ചായത്ത് മെംബര്‍മാരായ പി.ജി. സുരേഷ്, സിബി, ഹേമ രാജു തുടങ്ങിയവര്‍ പ്രസംഗിക്കും.