വെളിയന്നൂര്‍-പുറത്തോട് ഭാഗത്തു വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി
1374267
Wednesday, November 29, 2023 12:55 AM IST
വെളിയന്നൂര്‍: ഉഴവൂര്‍ മംഗലത്തുതാഴം മെയിന്‍ റോഡില്‍ സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്നത് പരിഹാരമാകുന്നു.
കുഴികള്‍ രൂപപ്പെട്ട വെളിയന്നൂര്‍ ജംഗ്ഷനു സമീപത്തും പാറത്തോട് ഭാഗത്തും ടൈല്‍ വിരിക്കുകയും ഐറിഷ് ഡ്രൈയില്‍ സൈഡ് കോണ്‍ക്രീറ്റ് നടത്തുകയും ചെയ്തുകൊണ്ട് റോഡ് മെച്ചപ്പെട്ട നിലവാരത്തില്‍ നവീകരിക്കാനും സഞ്ചാരയോഗ്യമാക്കാനുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ത്വരിതഗതിയില്‍ നടന്നുവരുന്നത്.
മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് വിവിധ ജനപ്രതിനിധികളും നാട്ടുകാരും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴില്‍ റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കിവരുന്നത്. വെളിയന്നൂര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാറത്തോടിനു സമീപമുള്ളതും ആരംഭിച്ചിട്ടുണ്ട്.
ഉടനെ ഇവിടെയും ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നിരവധി ആളുകള്‍ അപകടത്തില്‍പ്പെടാന്‍ ഇടയായ രണ്ട് സ്ഥലത്തും എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് റോഡ് നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതില്‍ നാട്ടുകാര്‍ സംതൃപ്തി രേഖപ്പെടുത്തി.