പിണറായി നടത്തുന്നത് കേരള നശീകരണ യാത്ര; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ
1374266
Wednesday, November 29, 2023 12:55 AM IST
പാലാ: പിണറായി വിജയന് ഇപ്പോള്‍ നടത്തുന്നത് നവകേരള യാത്രയല്ല കേരള നശീകരണ യാത്രയാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. നവകേരള സദസിനുവേണ്ടി പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെതിരേ യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടുന്നത് പാലായിലെയും കേരളത്തിലെയും സ്പോര്‍ട്സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 20 കോടിയിലധികം രൂപ മുടക്കി പുനരുജ്ജീവിപ്പിച്ച സ്റ്റേഡിയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ നവകേരള മാമാങ്കം നടത്തി നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാലാ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു.
ടോമി കല്ലാനി, സജി മഞ്ഞക്കടമ്പില്‍, തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, മോളി പീറ്റര്‍, തമ്പി ചന്ദ്രന്, പ്രൊഫ. സതീശ് ചൊള്ളാനി, ആര്. സജീവ്, സി.ടി. രാജന്, ആര്. പ്രേംജി, തോമസ് ഉഴുന്നാലില്‍, വിജയകുമാര്‍, പ്രസാദ് ഉരുളികുന്നം, ശ്രീകുമാര്‍, രാജന് കൊല്ലംപറമ്പില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, മാത്തച്ചന് പുതിയിടത്തുചാലില്‍, അനസ് മുഹമ്മദ്, നിര്‍മല മോഹന്‍, പ്രിന്‍സ് വി.സി, ഷോജി ഗോപി, ബിനോയി ചൂരനോലി, സന്തോഷ് മണര്‍കാട്ട്, തോമസ് ആര്.വി. ജോസ്, പയസ് മാണി, ജോഷി വട്ടക്കുന്നേല്‍, ഷീല ബാബൂ, രാജു കൊക്കോപ്പുഴ, രാജു കോനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രഹസനമെന്ന് ചെയര്‍പേഴ്സണ്‍
പാലാ: നവകേരള സദസിന് സ്റ്റേഡിയം വിട്ടുനല്‍കിയതിനെതിരേ യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും സ്റ്റേഡിയത്തിന് തകരാറുകള്‍ സംഭവിക്കില്ലായെന്ന് ഉറപ്പ് വരുത്തിയും ആണ് സ്റ്റേഡിയം നവകേരള ബഹുജന സദസിന് അനുവദിച്ചിരിക്കന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഉള്ളിലുള്ള മൈതാനത്താണ് പന്തല്‍ ക്രമീകരിക്കുന്നത്. കുഴിയെടുക്കാതെ തൂണ് നാട്ടിയാണ് പന്തല്‍ നിര്‍മിക്കുന്നത്. ട്രാക്കില്‍ പരവതാനി വിരിച്ച് ട്രാക്ക് സുരക്ഷിതമാക്കും.
ഇത് സംബന്ധിച്ച് സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ടവരെ വിളിച്ച് ചര്‍ച്ച നടത്തി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൗണ്‍സിലര്‍മാരുടെ യോഗവും ചേര്‍ന്നിരുന്നതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.