മാർ മാത്യു വട്ടക്കുഴി മെമ്മോറിയൽ സിമ്പോസിയം നടത്തി
1374264
Wednesday, November 29, 2023 12:42 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാർ മാത്യു വട്ടക്കുഴിയുടെ അനുസ്മരണാർഥമുള്ള കാറ്റക്കെറ്റിക്കൽ സിമ്പോസിയം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തി. രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറ സംഘടിപ്പിച്ച സിമ്പോസിയം രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ വികാരി ജനറാൾ റവ. ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. സുവാറ ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ സ്വാഗതം ആശംസിക്കുകയും ജോർജുകുട്ടി വട്ടക്കുഴി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൽ രൂപത മിഷൻലീഗിന്റെ പുതിയ വൈസ് ഡയറക്ടറായി നിയമിതനായ ഫാ. ആന്റണി തുണ്ടത്തിലിന് സ്വീകരണം നൽകി.
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കുന്ന പുതിയ സുറിയാനി ഭാഷ പഠന സഹായിയുടെ പ്രകാശന കർമം റവ. ഡോ. ജോസഫ് വെള്ളമറ്റത്തിനു പുസ്തകം നൽകി മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. തുടർന്ന് നടന്ന സിമ്പോസിയത്തിൽ ജോൺ കളത്തൂർ മാർ മാത്യു വട്ടക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി.
ആലുവ, മംഗലപ്പുഴ സെമിനാരി അധ്യാപകനായ ഫാ. ജോസഫ് മരുതൂക്കുന്നേൽ, ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക പ്രബോധനമായ ലൗ ദാത്തെ ദേവും ആസ്പദമാക്കി ക്ലാസെടുത്തു. ഉച്ചയ്ക്കു ശേഷം സൺഡേ സ്കൂൾ പ്രഥമാധ്യാപകരുടെ സമ്മേളനവും നടത്തി.