മാഞ്ഞ സീബ്രാലൈനും പാഞ്ഞുവരുന്ന വാഹനങ്ങളും കാൽനടയാത്രക്കാർ ദുരിതത്തിൽ
1374260
Wednesday, November 29, 2023 12:39 AM IST
വാഴൂർ: ദേശീയപാതയിൽ പുളിക്കൽക്കവലയിൽ സീബ്രാലൈൻ മാഞ്ഞതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി. ചങ്ങനാശേരി - വാഴൂർ റോഡും ദേശീയ പാതയും സംഗമിക്കുന്ന പ്രധാന സ്ഥലമാണ് പുളിക്കൽ കവല.
യാത്രക്കാർ പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ചെറിയൊരു ഇറക്കവും വളവും കഴിഞ്ഞാണ് ഇവിടേക്കെത്തുന്നത്.
അതുകൊണ്ടുതന്നെ പലപ്പോഴും ഡ്രൈവർമാർക്കു റോഡ് മുറിച്ചു കടക്കുന്നവരെ കാണാൻ കഴിയാറില്ല. ഇത് അപകടങ്ങൾക്കു കാരണമാകുന്നു. പലപ്പോഴും അമിതവേഗത്തിലാണ് വാഹനങ്ങളെത്തുന്നത്. പ്രദേശത്തെ രണ്ടു പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം വിദ്യാർഥികൾ ഈ അപകടമേഖലയിലൂടെയാണ് സഞ്ചരിക്കുന്നത്.
ദേശീയപാതയിൽ മിക്കവാറും എല്ലാ പ്രധാന ജംഗ്ഷനുകളിലും സീബ്രാലൈനുകൾ മാഞ്ഞ നിലയിലാണ്. എത്രയും വേഗം സീബ്രാലൈനുകൾ വരച്ച് കാൽനട യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുവാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.