പ്രളയത്തെ തോൽപ്പിച്ച ബിനു രക്ഷകനായി: അനിൽ സ്വാമിക്ക് ഇതു പുനർജന്മം
1374259
Wednesday, November 29, 2023 12:39 AM IST
കണമല: പമ്പയാറിലെ ചുഴിയിൽ മുങ്ങിത്താഴ്ന്ന് ശ്വാസം കിട്ടാതെ മരണത്തിന്റെ വക്കിലെത്തിയ ബംഗളൂരു ഹോസൂർ സ്വദേശി അനിലി (48) ന് ഇത് പുനർജന്മം. അനിലിന് ഒപ്പം മകൻ ഗൗതമും അപകടത്തിൽപ്പെടുമായിരുന്നു.
ഇരുവരെയും ഒരേ പോലെ രക്ഷിച്ചത് പമ്പാവാലി പാലമൂട്ടിൽ ബിനു. സഹായിക്കാൻ ലൈഫ് ഗാർഡ് അമൽ ജോസഫുമുണ്ടായിരുന്നു. ഇന്നലെ പമ്പാവാലി ആറാട്ടുകയം കടവിലാണ് സംഭവം. ബംഗളൂരു സ്വദേശികളായ ശ്രീനാഥ്, അനിൽ, മകൻ ഗൗതം ഉൾപ്പെടെയുള്ള സംഘം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ ആറാട്ടുകയം കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.
ചുഴി ഉള്ള ഭാഗത്ത് ഇറങ്ങരുതെന്ന് ഇവരോട് ലൈഫ് ഗാർഡുമാരായ ബിനുവും അമലും പറഞ്ഞിരുന്നു. നീന്തൽ അറിയാമെന്നും ശ്രദ്ധിച്ചോളാമെന്നും പറഞ്ഞ ഇവർ കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അനിൽ ചുഴിയിൽപ്പെട്ടു. അനിൽ മുങ്ങിത്താഴ്ന്നു പോകുന്നത് കണ്ടു മറ്റുള്ളവർ നിലവിളിച്ചു.
ഫിസിയോതെറാപ്പിസ്റ്റ് കൂടിയായ മകൻ ഗൗതം ഈ സമയം അച്ഛനെ രക്ഷിക്കാൻ ചുഴിയുടെ അടുത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴേക്കും പാഞ്ഞെത്തിയ ബിനു നദിയിലേക്ക് എടുത്തു ചാടി നീന്തിച്ചെന്ന് അനിലിനെ വലിച്ചെടുത്തു.
അവിടേക്ക് വരരുതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഗൗതമിനെ ബിനു വിലക്കുകയും ചെയ്തു. കരയിലെത്തിച്ച ശേഷം അനിലിന് ബിനുവും അമലും ചേർന്ന് പ്രഥമ ശുശ്രുഷ നൽകി. കഴിഞ്ഞ 2018 ലെ മഹാ പ്രളയത്തിൽ കരകൾ കവർന്ന് പമ്പയാർ ഒഴുകുമ്പോൾ അതിന് മേലേ കയറിൽ തൂങ്ങി നീന്തി ശബരിമലയിൽ നിറപുത്തരി എത്തിച്ചയാളാണ് ബിനു.
അന്ന് ശബരിമല ഉത്സവം മുടങ്ങാതിരിക്കാൻ നിറപുത്തരി എത്തിച്ച ബിനുവിന് പിന്നീട് ദേവസ്വം ബോർഡ് താൽക്കാലിക ജോലി നൽകിയിരുന്നു. ഒപ്പം ജോയ് ആലുക്കാസ് ഗ്രൂപ്പ് വീട് നിർമിച്ചു നൽകിയിരുന്നു. ഇപ്പോൾ ശബരിമല സീസണിൽ എരുമേലി പഞ്ചായത്തിന്റെ ലൈഫ് ഗാർഡ് ആയി ജോലി ചെയ്യുകയാണ്.
ലൈഫ് ഗാർഡ് ആയ അമൽ ജോസഫ് പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയുടെ മകനാണ്. ഒരു മിന്നായം പോലെ പാഞ്ഞെത്തി തന്നെ രക്ഷിച്ച ബിനുവിനെ നെഞ്ചോട് ചേർത്ത് നിർത്തി കരഞ്ഞുകൊണ്ടാണ് അമലിനും നന്ദി പറഞ്ഞ് അനിൽ നാട്ടിലേക്ക് മടങ്ങിയത്.