നാട്ടുകാരുടെ കെഎസ്ആർടിസി കെട്ടിടത്തിന് 25 വയസ്: വികസനം അകലെ
1374258
Wednesday, November 29, 2023 12:39 AM IST
എരുമേലി: സംസ്ഥാനത്ത് ആദ്യമായി ജനകീയ ആസൂത്രണ പദ്ധതിയിൽ നിർമിച്ച എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന് ഇന്നലെ 25 വയസ് തികഞ്ഞു. സന്തോഷം പങ്കിട്ട് ജീവനക്കാർ കേക്ക് മുറിച്ച് കാൽ നൂറ്റാണ്ടിന്റെ വാർഷിക ദിനം ആഘോഷിച്ചു.
ജനകീയ ആസൂത്രണ വിപ്ലവത്തിന്റെ പ്രതാപമുണ്ടെന്നുള്ളതല്ലാതെ ഓപ്പറേറ്റിംഗ് സെന്ററിൽനിന്നു ഒരിഞ്ച് പോലും വികസന വളർച്ച നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പ്രളയ കാലത്ത് ദുർബലമായി മാറിയ സെന്ററിന്റെ കെട്ടിടങ്ങൾ പുതുക്കി നിർമിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ആകെ 60 സെന്റ് സ്ഥലത്താണ് ഓപ്പറേറ്റിംഗ് സെന്ററും ബസ് പാർക്കിംഗും യാത്രക്കാർക്കുള്ള വിശ്രമ സ്ഥലവും ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡ് പാട്ടമായി നൽകിയതാണ് ഈ സ്ഥലം. ഇത് കെഎസ്ആർടിസിക്ക് സ്വന്തമായി വിട്ടുകിട്ടാതെ സബ് ഡിപ്പോ ആക്കി ഉയർത്താൻ കഴിയില്ല. സ്ഥലം വിട്ടുതരാൻ ദേവസ്വം ബോർഡിൽ നടപടികളുണ്ടാകുന്നുമില്ല.
ശബരിമല സീസണിൽ ഏറ്റവും കൂടിയ കളക്ഷൻ ലഭിച്ചതിന്റെ ബഹുമതിയും സെന്ററിന് കിട്ടിയതാണ്. സബ് ഡിപ്പോ ആക്കി ഉയർത്താനുള്ള നിലയിൽ ബസുകളുടെയും ജീവനക്കാരുടെയും എണ്ണം വർധിച്ചിട്ടും നടപടിയില്ല. നിന്നുതിരിയാൻ ഇടയില്ലാതെ പരിമിതമായ സ്ഥലമേ ഉള്ളൂ എന്നതിനാലാണ് വികസനം നഷ്ടപ്പെടുന്നത്.
ഇടയ്ക്ക് നഷ്ടം ആരോപിച്ച് സെന്റർ നിർത്തിയതാണ്. എന്നാൽ നാട്ടുകാർ ഒറ്റക്കെട്ടായി ദിവസങ്ങളോളം സമരം തുടർന്നതോടെയാണ് സെന്റർ തുറന്നത്. 1998 നവംബർ 28 നാണ് സെന്റർ ആരംഭിച്ചത്. ഇതിനായി നേതൃത്വം നൽകിയ പൊതു പ്രവർത്തകരിൽ ടി.പി. തൊമ്മി, ജോബ്കുട്ടി ഡൊമിനിക്, എൻ.ബി. ഉണ്ണികൃഷ്ണൻ, അനന്തൻ, ബഷീർ കറുകഞ്ചേരി എന്നിവർ ഇന്ന് ജീവനോടെയില്ല.
ഇവർക്കൊപ്പം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന വി.പി. സുഗതൻ, തങ്കമ്മ ജോർജ്കുട്ടി, ടി.എസ്. കൃഷ്ണകുമാർ, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, പി.കെ. ബാബു, പി.എ. സലിം, ജോസ് മടുക്കകുഴി, പി.എ. ഇർഷാദ്, വി.എസ്. ഷുക്കൂർ, ജോസ് പഴയതോട്ടം, ജയേഷ് തമ്പാൻ തുടങ്ങിയവർ ചേർന്നാണ് സെന്ററിന്റെ തുടക്കം യാഥാർഥ്യമാക്കിയത്.
പാലക്കാട്, ഗുരുവായൂർ, കളിയിക്കാവിള, എറണാകുളം, മാങ്കുളം തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തന്നെയാണ് ഇപ്പോളും വരുമാനത്തിൽ മുന്നിൽ. ഇപ്പോൾ ശബരിമല സീസൺ ആയിട്ടും സെന്ററിൽ രാത്രിയിൽ വെളിച്ചമില്ല.