പാലപ്ര - വേങ്ങത്താനം റോഡ് തകർന്നു
1374254
Wednesday, November 29, 2023 12:39 AM IST
പാറത്തോട്: പാലപ്ര - വേങ്ങത്താനം റോഡും പിണ്ണാക്കനാട് റോഡിന്റെ സംഗമസ്ഥാനമായ പഴുത്തടം കവല ഭാഗവും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.
പാറത്തോട് - വേങ്ങത്താനം റോഡും പാറത്തോട് - പിണ്ണാക്കനാട് റോഡും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമാണെങ്കിലും കടുത്ത അവഗണനയാണ് പൊതുമരാമത്ത് വകുപ്പ് കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
പാറത്തോട് ടൗൺ മുതൽ പാലപ്ര ടോപ്പ് വരെയുളള ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴികളില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മഴപെയ്ത് രാത്രി കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ചെറുവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇരുചക്ര യാത്രക്കാരെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്.
എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയായിട്ടില്ല. കുഴികളിൽ വീണ് ഒട്ടേറെപ്പേർ അപകടത്തിൽപ്പെടുന്നുണ്ടെന്നും എത്രയു പെട്ടെന്ന് കുഴികളടച്ച് റോഡിന്റെ ശോച്യാവസ്ഥ വേഗത്തിൽ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.