നെല്‍കര്‍ഷക പ്രതിസന്ധി: കൊടിക്കുന്നില്‍ സുരേഷ് മങ്കൊമ്പില്‍ ത്രിദിന ഉപവാസം നടത്തും
1374180
Tuesday, November 28, 2023 3:55 AM IST
ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ നവംബര്‍ 30 വരെ ത്രിദിന ഉപവാസ സത്യഗ്രഹം നടത്തും. കുട്ടനാട് താലൂക്കിന്റെ ആസ്ഥാനമായ മങ്കൊമ്പിലാണ് ഉപവാസ സമരം നടക്കുന്നത്.
നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ടത്തോടെ കുട്ടനാട്ടിലെത്തുമ്പോള്‍ കര്‍ഷക ആത്മഹത്യയിലും ജപ്തി നടപടികളിലും പെട്ടു കഷ്ടത അനുഭവിക്കുന്ന കൃഷിക്കാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുവേണ്ടിയാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ഉപവാസ സമരത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍
*സപ്ലൈകോ കര്‍ഷകരുടെ നെല്ല് സംഭരിച്ചതിന് ശേഷം അതിന്റെ വില ബാങ്ക് വായ്പ്പയായി നല്കുന്ന പിആര്‍എസ് (പാഡി റെസീപറ്റ് ഷീറ്റ്) വായ്പാ പദ്ധതി പിന്‍വലിച്ചു 15 ദിവസത്തിനകം കൃഷിക്കാരുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ നേരിട്ട് നെല്ലിന്റെ വില നല്കുന്ന സമ്പ്രദായം പ്രാബല്യത്തിലാക്കണം.
*ജീവനൊടുക്കിയ നെല്‍കര്‍ഷകരായ അമ്പലപ്പുഴ വണ്ടാനം സ്വദേശി കെ.ആര് രാജപ്പന്, തകഴി സ്വദേശി കെ.ജി പ്രസാദ് എന്നീ നെല്‍ക്കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കണം.
*ഇനി ഒരു കര്‍ഷകനും പി ആര് എസ് വായ്പ മൂലം ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.
*നെല്‍കര്‍ഷകരുടെ കൈകാര്യച്ചെലവ് വര്‍ധിപ്പിക്കണം.
*2000 കിലോ നെല്ല് മാത്രമേ കര്‍ഷകരില്‍നിന്നും സിവില്‍ സപ്ലൈസ് കോര്പറേഷന് സംഭരിക്കുകയുള്ളൂവെന്നും അതിനു മുകളിലുണ്ടെങ്കില്‍ അതു കൃഷിക്കാര്ത്തന്നെ വില്‍ക്കണം എന്നുമുള്ള തീരുമാനം ഉടനടി പിന്‍വലിക്കണം.
*മടവീഴ്ചമൂലം ബണ്ടുകള്‍ തകര്‍ന്ന പാടശേഖരങ്ങളുടെ മടകുത്തി പൂര്‍വസ്ഥിതിയിലാക്കിയ വകയില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കണം.
ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചു കിലോ മുതല്‍ 15 കിലോ വരെ കിഴിവ് ആവിശ്യപ്പെട്ട് സ്വകാര്യ മില്ലുകാരുടെ ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം.
*കൃഷിക്കാര്‍ക്ക് പമ്പിംഗ് സബ്സിഡി കുടിശിക തുക ഉടനെ നല്‍കണം. രണ്ടാം കൃഷിക്കുള്ള വിത്തുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കൃഷിവകുപ്പ് സത്വര നടപടി സ്വീകരിക്കണം.