നെടുംകുന്നം തിരുനാൾ: അറനിറയ്ക്കൽ പ്രദക്ഷിണത്തിൽ കാർഷികവിളകൾ സമർപ്പിച്ചു വിശ്വാസിസമൂഹം
1374179
Tuesday, November 28, 2023 3:55 AM IST
കറുകച്ചാൽ: ദേശത്തിന്റെ കാർഷിക സമൃദ്ധിയും വിശ്വാസ പാരമ്പര്യവും സമന്വയിച്ച് നടന്ന അറനിറയ്ക്കൽ പ്രദക്ഷിണം വിശ്വാസി പങ്കാളിത്തത്താൽ ജനനിബിഡമായി.
നെടുംകുന്നം ഫൊറോനാ പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ കറുകച്ചാൽ അൽഫോൻസാ ചാപ്പലിൽനിന്ന് നെടുംകുന്നം പള്ളിയിലേക്ക് നടന്ന അറനിറയ്ക്കൽ പ്രദക്ഷിണത്തിൽ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികളാണ് തങ്ങളുടെ കാർഷികഫലങ്ങളുടെ വിഹിതം വിശുദ്ധന് സമർപ്പിച്ച് അനുഗ്രഹപുണ്യം തേടിയത്.
പ്രദക്ഷിണം കടന്നുപോയ പാതയുടെ ഇരുവശങ്ങളിലും വിശ്വാസികൾ തങ്ങളുടെ വിളവിന്റെ ഫലം വിശുദ്ധ സ്നാപക യോഹന്നാനു കാഴ്ചയായി സമർപ്പിച്ചു. തുടർന്ന് പള്ളിയിലെത്തിയ അറനിറയ്ക്കൽ പ്രദക്ഷിണത്തെ സ്വീകരിച്ച് നേർച്ചവസ്തുക്കൾ ഏറ്റുവാങ്ങി.
കറുകച്ചാൽ വിശുദ്ധ അൽഫോൻസാ ചാപ്പലിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ ഫൊറോനാ വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ വിളകളുടെ ആദ്യ സമർപ്പണം, ചീഫ് വിപ്പ് ഡോ.എൻ. ജയരാജിൽനിന്നും ഏറ്റുവാങ്ങി. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീനാ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കുചേർന്നു.
ടൗൺ പ്രദക്ഷിണം ഇന്ന്, പുഴുക്കുനേർച്ച നാളെ
നെടുംകുന്നം: നെടുംകുന്നം ഫൊറോനാ പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽനിന്നു കാവുന്നട കുരിശടിയിലേക്കുള്ള ടൗൺപ്രദക്ഷിണം ഇന്നു നടക്കും. നാളെയാണ് അര ലക്ഷത്തിലധികം വിശ്വസികൾ പങ്കെടുക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച.
ഇന്ന് രാവിലെ 5.45നും, ഏഴിനും വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.45ന് കൊച്ചുപള്ളിയിൽ ലദീഞ്ഞ്. തുടർന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുസ്വരൂപം എഴുന്നെള്ളിച്ച് പ്രദക്ഷിണം. നാലിന് വിശുദ്ധ കുർബാന - ഫാ. ജോസഫ് കടവിൽ, 5.30ന് കാവുന്നട കുരിശടിയിലേക്ക് പ്രദക്ഷിണം - ഫാ. മാത്യു തടത്തിൽ. രാത്രി ഏഴിന് കുരിശടിയിൽ പ്രഭാഷണം -ഫാ. മാത്യു ഊഴികാട്ട്. 7.30ന് പള്ളിയിലേക്ക് പ്രദക്ഷിണം. എട്ടിന് സമാപന ആശീർവാദം. തുടർന്ന് ആകാശവിസ്മയം, ഡിസ്പ്ലേ.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.30ന് തിരുനാൾ കുർബാന -ഫാ. സക്കറിയ ഇരുപതിൽ, 7.30ന് തിരുനാൾ കുർബാന, തിരുനാൾ സന്ദേശം -മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ. 10ന് തിരുനാൾ റാസ -കാർമികൻ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, സഹകാർമികൻ -ഫാ. ജോർജ് കൈതപ്പറമ്പിൽ. തിരുനാൾ സന്ദേശം -ഫാ. ജോസഫ് പള്ളിച്ചിറയിൽ.
ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചുപള്ളിയിലെ നെടുങ്ങോത്തച്ചന്റെ കബറിടത്തിൽ ഒപ്പീസ് -ഫാ. ചാക്കോ പുതിയാപറമ്പിൽ. 2.15ന് വിശുദ്ധ കുർബാന -ഫാ. ജോസി പുതിയാപറമ്പിൽ, വചനപ്രഘോഷണം -ഫാ. തോമസ് കാട്ടൂർ. നാലിന് തിരുനാൾ പ്രദക്ഷിണം, കാർമികൻ -ഫാ. റിജോ ഇടമുറി, അഞ്ചിന് പുഴുക്കുനേർച്ച, തുടർന്നു ലേലം.